ബ്രിസ്ബെയിന്‍ ഹീറ്റിന് പുതിയ കോച്ച്

ബ്രിസ്ബെയിന്‍ ഹീറ്റിന് പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ബിഗ് ബാഷിന്റെ 11ാം സീസണിൽ ടീമിനെ പരിശീലിപ്പിക്കുക വെയിഡ് സെക്കോമ്പ് ആയിരിക്കും. നിലവിൽ ഷെഫീൽഡ് ഷീൽഡിൽ ക്യൂന്‍സ്ലാന്‍ഡിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ് സെക്കോമ്പ്. ഡാരെന്‍ ലീമാന്‍ സീനിയര്‍ അസിസ്റ്റന്റെ റോളിലേക്ക് മാറിയതോടെയാണ് കോച്ചിംഗിനായി പുതിയ ആളെ ബിഗ് ബാഷ് ഫ്രാഞ്ചൈസി കണ്ടെത്തേണ്ടി വന്നത്.

ഷെഫീൽഡ് ഷീൽഡിൽ ക്യൂന്‍സ്ലാന്‍ഡിന്റെ ബാറ്റിംഗ് കോച്ചും ബൗളിംഗ് കോച്ചുമായി നിയമിക്കപ്പെട്ട ജെയിംസ് ഹോപ്സ്, ആന്‍ഡി ബിച്ചൽ എന്നിവര്‍ ബിഗ് ബാഷിൽ ബ്രിസ്ബെയിനിനെയും സഹായിക്കാനെത്തുമെന്നാണ് അറിയുന്നത്.

ഏതാനും ദിവസം മുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ക്രിസ് ലിന്നും പിന്മാറിയിരുന്നു.

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ് ക്രിസ് ലിന്‍

ബ്രിസ്ബെയിന്‍ ഹീറ്റിന്റെ ക്യാപ്റ്റന്‍സി സ്ഥാനം താന്‍ ഒഴിയുകയാണെന്ന് അറിയിച്ച് ക്രിസ് ലിന്‍ കഴിഞ്ഞ സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് നയിക്കുവാന്‍ ലിന്നിന് സാധിച്ചിരുന്നു. ടീമിന് വേണ്ടി പരിക്ക് കാരണം അഞ്ച് മത്സരങ്ങളിൽ കളിക്കാതിരുന്ന താരം ടീമിന്റെ ഉയര്‍ന്ന റൺ സ്കോററുമായിരുന്നു കഴിഞ്ഞ സീസണിൽ.

ലിന്‍ കളിക്കാത്ത സമയത്ത് ടീമിനെ നയിച്ച കീപ്പര്‍ ബാറ്റ്സ്മാന്‍ ജിമ്മി പിഴേസൺ ആണ് ടീമിനെ നയിക്കുവാന്‍ പോകുന്നതെന്നാണ് അറിയുന്നത്. ബിഗ് ബാഷിന്റെ അഞ്ചാം സീസണിലും ടീമിനെ ലിന്‍ നയിച്ചിട്ടുണ്ട്.

തനിക്ക് ടീമിനെ മൂന്ന് വര്‍ഷത്തോളം നയിക്കാനായത് വലിയ കാര്യമാണെന്നും എന്നാൽ പുതിയൊരു ടീമിനെ പുതിയ ക്യാപ്റ്റന്റെ കീഴിൽ വാര്‍ത്തെടുക്കുവാനായി ഒരു മാറ്റം അനിവാര്യമാണെന്നും ക്രിസ് ലിന്‍ സൂചിപ്പിച്ചു.

മെൽബേൺ റെനഗേഡ്സിന് പുതിയ പരിശീലകൻ

മെൽബേൺ റെനഗേഡ്സിന്റെ പരിശലനായി മുൻ ഓസ്ട്രേലിയൻ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്ക‍ര്‍ എത്തുന്നു. ഓസ്ട്രേലിയയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ബൗളിംഗ് കോച്ചായി സാക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് 2015-16 സീസണിൽ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സാക്കര്‍. കഴിഞ്ഞ രണ്ട് സീസണിലെ മോശം പ്രകടനത്തിന് ശേഷം ആണ് റെനഗേഡ്സ് വീണ്ടും സാക്കറിനെ ദൗത്യം ഏല്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് സാക്ക‍ര്‍ ടീമിന്റെ പരിശീലകനായി എത്തുന്നത്. ക്ലബ് നിലനിര്‍ത്തിയ താരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ടോപ് ഓര്‍ഡര്‍ അതിശക്തമാണെന്നാണ് തന്റെ വിലയിരുത്തലെന്നും സാക്കര്‍ പറഞ്ഞു. വരും മാസങ്ങളിലും പുതിയ താരങ്ങളെയും ടീമിലേക്ക് എത്തിച്ച് ടീമിനെ കരുത്തരാക്കുകയാണ് ലക്ഷ്യമെന്നും സാക്കര്‍ സൂചിപ്പിച്ചു.

ട്രെവര്‍ ബെയിലിസ്സ് ബിഗ് ബാഷിൽ കോച്ചായി എത്തുന്നു, കരാറിലെത്തിയത് സിഡ്നി തണ്ടറുമായി

മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി കരാറിലെത്തി. 2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകൻ ആയിരുന്നു ബെയിലിസ്സ്. തണ്ടറുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ട്രെവര്‍ എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിൻ ബോണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാനായി തീരുമാനിച്ചതോടെ വന്ന ഒഴിവിലേക്കാണ് ബെയിലിസ്സ് എത്തുന്നത്.

മുമ്പ് സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ട്രെവര്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ടീം കിരീടം നേടിയപ്പോളും ബെയിലിസ്സ് ആയിരുന്നു കോച്ച്. നിലവിൽ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചാണ് ട്രെവര്‍ ബെയിലിസ്സ്. തണ്ടര്‍ കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിലാണ് ബിഗ് ബാഷിൽ കളിക്കുന്നതെന്നും കുറച്ച് കൂടി മികച്ച നിലയിൽ വരും സീസണുകളിൽ ടീമിനെ എത്തിക്കുവാനാകും താന്‍ ലക്ഷ്യം വയ്ക്കുക എന്നും ബെയിലിസ്സ് വ്യക്തമാക്കി.

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര നിയന്ത്രണങ്ങളുള്ളതും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് താരം ഈ തീരുമാനം എടുത്തത്.

സിഡ്നി തണ്ടറിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ഷെയിന്‍ ബോണ്ട്. മുമ്പ് ബ്രിസ്ബെയിന്‍ ഹിറ്റിന്റെ സഹ പരിശീലകനായും ബിഗ് ബാഷില്‍ ഷെയിന്‍ ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പവും പരിശീലകനായി ബോണ്ട് ചുമതല വഹിച്ചിട്ടുണ്ട്.

ജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍

പെര്‍ത്തിനെതിരെ 27 റണ്‍സ് വിജയം കരസ്ഥമാക്കി ബിഗ് ബാഷ് ജേതാക്കളായി സിഡ്നി സിക്സേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ് 60 പന്തില്‍ നിന്ന് നേടിയ 95 റണ്‍സാണ് ടീമിന്റെ അടിത്തറ. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 20 റണ്‍സ് നേടിയപ്പോള്‍ ജോര്‍ദ്ദന്‍ സില്‍ക്ക് 17 റണ്‍സുമായി പുറത്താകാതെ നിന്നു. മോസിസ് ഹെന്‍റിക്സ് 18 റണ്‍സും നേടി. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 4.5 ഓവറില്‍ 45 റണ്‍സ് നേടി നില്‍ക്കവെ 19 പന്തില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ആണ് പെര്‍ത്തിന് ആദ്യം നഷ്ടമായത്. പിന്നീട് തുടരെ വിക്കറ്റുകളുമായി സിഡ്നി സിക്സേഴ്സ് മത്സരത്തില്‍ പിടിമുറുക്കി.

ലിയാം ലിവിംഗ്സ്റ്റണ്‍ 45 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി(26), ജോഷ് ഇംഗ്ലിസ്(22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിഡ്നിയ്ക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിയസ് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ഷോണ്‍ അബോട്ട്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബയോ ബബിള്‍ ലംഘനം, വില്‍ സത്തര്‍ലാണ്ടിനെതിരെ നടപടി

ബിഗ് ബാഷിനിടെ ബയോ ബബിള്‍ നിയമങ്ങള്‍ ലംഘിച്ച മെല്‍ബേണ്‍ റെനഗേഡ്സ് താരം വില്‍ സത്തര്‍ലാണ്ടിനെതിരെ നടപടി. ബയോ ബബിളിന് പുറത്ത് പോയി താരം ഗോള്‍ഫ് കളിക്കുകയും മറ്റുള്ളവരുമായി ഭക്ഷണം കഴിയ്ക്കുകയും ചെയ്തുവെന്നാണ് ലീഗ് അധികാരികള്‍ കണ്ടെത്തിയത്.

നേരത്തെ ഡിസംബറില്‍ ക്രിസ് ലിന്നിനെയും ഡാന്‍ ലോറന്‍സിനെയും നിയമലംഘനത്തിന് ശിക്ഷിച്ചിരുന്നു. താരത്തിനെതിരെ $10000ന്റെ പിഴയാണ് വിധിച്ചിരിക്കുന്നത്.

പെര്‍ത്തിന് വിജയം, ഇനി സിഡ്നി സിക്സേഴ്സുമായി കലാശപ്പോരാട്ടം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 49 റണ്‍സിന്റെ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ബിഗ് ബാഷ് ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്രിസ്ബെയിനിന് 18 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സേ നേടാനായുള്ളു.

കാമറൂണ്‍ ബാന്‍ ക്രോഫ്ട, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കൊപ്പം 39 പന്തില്‍ നിന്ന് പുറത്താകാതെ 77 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റോണിന്റെ പ്രകടനം ആണ് പെര്‍ത്ത് നിരയിലെ വ്യത്യാസം. ബാന്‍ക്രോഫ്ട് 58 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 28 പന്തില്‍ നിന്ന് 49 റണ്‍സ് നേടി.

ആരോണ്‍ ഹാര്‍ഡി മൂന്നും ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ആന്‍ഡ്രൂ ടൈ, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് പെര്‍ത്തിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഹീറ്റ് നിരയില്‍ 38 റണ്‍സ് നേടിയ ജോ ബേണ്‍സ് ആണ് ടോപ് സ്കോറര്‍.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പെര്‍ത്തിന്റെ എതിരാളികള്‍ സിഡ്നി സിക്സേഴ്സ് ആണ്.

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു ക്ലിംഗറിനുണ്ടായിരുന്നതെങ്കിലും രണ്ട് മോശം സീസണുകള്‍ക്ക് ശേഷം 40 വയസ്സുകാരന്‍ പടിയിറങ്ങുകയാണ്.

ഈ രണ്ട് സീസണുകളിലും റെനഗേഡ്സ് അവസാന സ്ഥാനക്കാരായാണ് പോയിന്റ് പട്ടികയില്‍ അവസാനിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് റെനഗേഡ്സിന് ഈ സീസണില്‍ വെറും 4 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കുവാനായത്.

ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവന്‍ എന്ന പുതിയ ദൗത്യം താന്‍ ഏറെ ഉറ്റുനോക്കുന്നതാണെന്ന് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

ഫോക്നറിന് പരിക്ക്, ബിഗ് ബാഷിൽ ഈ സീസണിൽ ഇനി കളിക്കില്ല

ജെയിംസ് ഫോക്നർ ഇനി ഈ സീസൺ ബിഗ്ബാഷിൽ കളിക്കില്ല. ഹബാർട് ഹുറികെയ്ൻസ് താരം പരിക്ക് കാരണം അവസാന രണ്ട് ആഴ്ച ആയി പുറത്തായിരുന്നു‌‌. ഹാംസ്ട്രിങ് ഇഞ്ച്വറി വീണ്ടും വന്നതോടെ താരം ബയോ ബബിൾ വിടാൻ തീരുമാനിച്ചു. ഇനി ഈ സീസണിൽ ഹിബേർടിനായി കളിക്കാൻ താരത്തിന് കഴിയില്ല. ഡിസംബർ 27നായിരുന്നു താരം അവസാനമായി കളിച്ചത്.

ഇപ്പോൾ ഹൊബേർട് ലീഗിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്‌‌. എങ്കിലും നാലാം സ്ഥാനത്തിന് രണ്ടു പോയിന്റ് മാത്രം പിറകിലാണ്. ഇനിയും നാലു
മത്സരങ്ങൾ ലീഗിൽ അവശേഷിക്കുന്നുണ്ട്‌. ഈ സീസണിൽ നാലു മത്സരങ്ങൾ കളിച്ച ഫോക്നർ 8 വിക്കറ്റുകളും 44 റൺസും ടീമിന് സംഭാവന ചെയ്തിരുന്നു.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത് വര്‍ഷത്തില്‍ താരം മൂന്ന് ബിഗ് ബാഷ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

2018ല്‍ പെര്‍ത്തിന്റെ ക്യാപ്റ്റന്‍സിയും താരത്തെ തേടിയെത്തിയെങ്കിലും ഐപിഎലിനിടെ പരിക്കേറ്റ താരം ഈ സീസണിന് മുമ്പ് അത് താത്കാലികമായി ആഷ്ടണ്‍ ടര്‍ണറെ ഏല്പിച്ചു. പിന്നീട് പരിക്ക് മാറി എത്തിയ താരം ടര്‍ണറോട് ക്യാപ്റ്റന്‍സിയില്‍ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

അസഭ്യ ഭാഷ, ആഡം സംപയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

ബിഗ് ബാഷില്‍ നിന്ന് ഒരു മത്സരത്തിലെ വിലക്ക് നേരിട്ട് ആഡം സംപ. താരം അസഭ്യ ഭാഷ ഉപയോഗിച്ചതിനാണ് ഈ നടപടി. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വിവരം പുറത്ത് വിട്ടത്. സിഡ്നി തണ്ടറിനെതിരെയുള്ള മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ഡിസംബര്‍ 29ന് നടന്ന മത്സരത്തിലാണ് സംഭവം.

2500 ഡോളര്‍ പിഴയും ഒരു സസ്പെന്‍ഷന്‍ പോയിന്റും താരത്തിനെതിരെ ഏര്‍പ്പെടുത്തി. ഇതോടെ ജനുവരി 2ന് നടക്കുന്ന സ്റ്റാര്‍സിന്റെ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെയുള്ള മത്സരം ഇതോടെ ആഡം സംപയ്ക്ക് നഷ്ടമാകും.

Exit mobile version