ബിഗ് ബാഷിലും അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് പ്രിയമേറുന്നു, മുജീബിനൊപ്പം സഹീര്‍ ഖാനെയും സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്

വരുന്ന സീസണ്‍ ബിഗ് ബാഷിലേക്ക് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്മാനും സഹീര്‍ ഖാനും. മുജീബ് ഉര്‍ റഹ്മാന്‍ വീണ്ടും ടീമിലേക്ക് എത്തുമ്പോള്‍ സഹീര്‍ ഖാനെ പുതുതായാണ് ബ്രിസ്ബെയിന്‍ ഹീറ്റ് കരാറിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളാണ് മുജീബ് നേടിയത്. 16-3 എന്ന തന്റെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷം 18 വയസ്സുകാരന്‍ താരം ഇത് രണ്ടാമത്തെ വര്‍ഷമാണ് ബിഗ് ബാഷിലേക്ക് എത്തുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ച ടീമില്‍ അംഗമായ സഹീര്‍ ഖാന്‍ ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിന് വേണ്ടി കളിക്കുകയാണ്. ഇംഗ്ലണ്ടിലെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും കഴിഞ്ഞ വര്‍ഷം കളിച്ച താരത്തെ ഐപിഎല്‍ 2018ല്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നുവെങ്കിലും പരിക്ക് മൂലം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായിരുന്നില്ല.