ഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. ബെന്‍ ഡങ്ക്(47), കെവിന്‍ പീറ്റേര്‍സണ്‍(40), ഗ്ലെന്‍ മാക്സ്വെല്‍(33), മാര്‍ക്കസ് സ്റ്റോയിനിസ്(24*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 157ല്‍ എത്തിച്ചത്. റെനഗേഡ്സിനായി മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡ്വെയിന്‍ ബ്രാവോ, ജാക്ക് വൈള്‍ഡര്‍മത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ആരോണ്‍ ഫിഞ്ചും തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയപ്പോള്‍ റെനഗേഡ്സ് ലക്ഷ്യം 18ാം ഓവറില്‍ മറികടന്നു. 22 പന്തില്‍ ഫിഞ്ച് 43 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 52 റണ്‍സ് നേടി. 30 പന്തില്‍ 52 റണ്‍സ് തികച്ച നബിയെയും ബ്രാഡ് ഹോഡ്ജിനെയും പുറത്താക്കി സ്റ്റാര്‍സ് നായകന്‍ ജോണ്‍ ഹേസ്റ്റിംഗ് രണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും ഏറെ വൈകി കഴിഞ്ഞിരുന്നു. ടീമിന്റെ സ്ഥിരം രക്ഷകന്‍ കാമറൂണ്‍ വൈറ്റ് പുറത്താകാതെ 35 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് റെനഗേഡ്സ് നേടിയത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് റെനഗേഡ്സ് ഉയര്‍ന്നു. സ്റ്റാര്‍സിനു വേണ്ടി ഹേസ്റ്റിംഗ്സിനു പുറമേ ജാക്സണ്‍ കോള്‍മാന്‍, ആഡം സാംപ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രതീക്ഷയായി പുജാര മാത്രം, ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടം
Next articleപൊരുതി നോക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട്