ഇമാദ് വസീമുമായി കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമുമായി ബിഗ് ബാഷ് കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്. റിലി റൂസോവ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പുറമെ വിദേശ താരമായാണ് ഇമാദ് റെനഗേഡ്സ് നിരയില്‍ എത്തുന്നത്.

അടുത്തിടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനെ കിരീടത്തിലേക്ക് ഇമാദ് വസീം നയിച്ചിരുന്നു. ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗാംഷയറിന് വേണ്ടി 11 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തിരുന്നു. ഇമാദ് ടി20യിലെ മികച്ച താരങ്ങളില്‍ ഒരാളാണെന്നും ടീമിനായി ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഒരു പോലെ സംഭാവന ചെയ്യുവാന്‍ കഴിയുന്ന താരമാണ് ഇമാദെന്നും റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യുവാന്‍ ശേഷിയുള്ള താരം മധ്യ നിരയിലും മുതല്‍ക്കൂട്ടാവുമെന്ന് ക്ലിംഗര്‍ വ്യക്തമാക്കി. അടുത്തിടെ കിരീടം നേടിയ അനുഭവവും റെനഗേഡ്സിന് തുണയാകുമെന്ന് ക്ലിംഗര്‍ കൂട്ടിചേര്‍ത്തു.