റൂക്കി കരാര്‍ പ്രകാരം യുവ താരത്തെ സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്

യുവ താരം വില്‍ സത്തര്‍ലാണ്ടിനെ സ്വന്തമാക്കി ബിഗ് ബാഷ് ടീമായ മെല്‍ബേണ്‍ റെനഗേഡ്സ്. ന്യൂസിലാണ്ടില്‍ നടക്കുന്ന U-19 ലോകകപ്പിലേക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് ഉടന്‍ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് വില്‍ സത്തര്‍ലാണ്ട്. ജനുവരി 13നു ഇന്ത്യയക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ലോകകപ്പിനാല്‍ താരത്തിന്റെ ലഭ്യത പൂര്‍ണ്ണമായും ലഭിക്കുകയില്ലെങ്കിലും ചില മത്സരങ്ങളില്‍ താരം റെനഗേഡ്സിനു വേണ്ടി കുപ്പായമണിയുമെന്നാണ് ടീമിന്റെ കോച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, ബ്രാഡ് ഹോഗ് എന്നിവരുമായി ഡ്രെസ്സിംഗ് റൂം ഷെയര്‍ ചെയ്യുക എന്നത് തന്നെ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണെന്നാണ് ഈ യുവ താരം അഭിപ്രായപ്പെട്ടത്. താരത്തെ റൂക്കി കരാര്‍ പ്രകാരമാണ് റെനഗേഡ്സ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ച നയമാണ് റൂക്കി കരാറുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial