കെപി കസറി, സ്റ്റാര്‍സിനു 167 റണ്‍സ്

- Advertisement -

ബിഗ് ബാഷില്‍ വീണ്ടും ഫോമിലേക്ക് ഉയര്‍ന്ന് കെവിന്‍ പീറ്റേര്‍സണ്‍. ഇന്ന് നടന്ന മെല്‍ബേണ്‍ ഡെര്‍ബിയിലാണ് റെനഗേഡ്സിനെതിരെ ഫോമിലേക്ക് മടങ്ങിയെത്താന്‍ മുന്‍ ഇംഗ്ലണ്ട് താരത്തിനു സാധിച്ചത്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച കെപിയുടെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് നബി ബെന്‍ ഡങ്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നീട് രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ പീറ്റേര്‍സണ്‍-ഹാന്‍ഡ്സ്കോമ്പ് കൂട്ടുകെട്ട് 110 റണ്‍സുമായി സ്റ്റാര്‍സിനെ മികച്ച നിലയിലേക്ക് എത്തിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റണ്‍സ് നേടിയ സ്റ്റാര്‍സിന്റെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ സ്കോര്‍ 112 ആയിരുന്നു. വീണ്ടും ബൗളിംഗിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് നബിയ്ക്കായിരുന്നു വിക്കറ്റ്. 41 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ മടക്കി അയയ്ച്ച് നബി റെനഗേഡ്സിനു രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.

ഏറെ വൈകാതെ 46 പന്തില്‍ 76 റണ്‍സ് നേടിയ പീറ്റേര്‍സണെയും സ്റ്റാര്‍സിനു നഷ്ടമായി. 4 ബൗണ്ടറിയും 5 സിക്സും അടിച്ചാണ് കെപി തന്റെ 74 റണ്‍സ് സ്വന്തമാക്കിയത്. മാക്സ്വെല്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. 10 റണ്‍സുമായി ഫോക്നറും ടീമിന്റെ സ്കോര്‍ 150 കടക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

തന്റെ നാലോവറില്‍ വെറും 15 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് റെനഗേഡ്സ് നിരയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. കെയിന്‍ വില്യംസണ്‍, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement