ബിഗ് ബാഷ്: കാണികളുടെ കണ്ണിലുണ്ണിയായി ജോഫ്ര ആര്‍ച്ചര്‍

- Advertisement -

ബിഗ് ബാഷില്‍ കാണികളുടെ കണ്ണിലുണ്ണിയായി ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസില്‍ നിന്നുള്ള താരം ഓരോ തവണയും ബിഗ് ബാഷ് ടീമായ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളത്തിലിറങ്ങുമ്പോള്‍ കാണികള്‍ ആവേശകൊടുമുടിയിലേറുന്നുവെന്നാണ് ബിഗ് ബാഷ് ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പുതിയ കള്‍ട്ട് ഹീറോ എന്നാണ് താരത്തിനെ ബിഗ് ബാഷ് ഹാന്‍ഡില്‍ വാഴ്ത്തിയത്.

അതിവേഗതയില്‍ യോര്‍ക്കറുകള്‍ എറിയുവാന്‍ കഴിവുള്ള താരം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. സസ്സെക്സിനു വേണ്ടി കളിക്കുന്ന താരം ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസ്സെക്സിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് എടുക്കുന്ന താരമായിരുന്നു. വെസ്റ്റിന്‍ഡീസ് വംശജനാണെങ്കിലും താരത്തിനു കളിക്കുവാന്‍ ആഗ്രഹം ഇംഗ്ലണ്ടിനു വേണ്ടിയാണെന്നാണ് അറിയുന്നത്. മൈക്കല്‍ വോണ്‍ താരത്തിനു പൗരത്വം നല്‍കണമെന്ന് ട്വീറ്റ് വഴി അറിയിച്ചപ്പോള്‍ ഞാന്‍ റെഡി എന്നായിരുന്നു ജോഫ്രയുടെ മറുപടി.

ക്രിസ് ജോര്‍ദന്‍ ആണ് താരത്തിനെ സസ്സെക്സില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. നെറ്റ്സില്‍ താരത്തിനെതിരെ കളിക്കാന്‍ അവസരം ലഭിച്ച ജോര്‍ദന്‍ ഉടന്‍ തന്നെ സസ്സെക്സ് അധികൃതരെ അറിയിക്കുകയായിരുന്നു.

ബൗളിംഗിലും ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് ജോഫ്ര ഇതുവരെ ബിഗ് ബാഷില്‍ പുറത്തെടുത്തിട്ടുള്ളത്.

താരത്തെ വെസ്റ്റിന്‍ഡീസിനു നഷ്ടമാവുകയാണെങ്കില്‍ അത് അവരുടെ ബോര്‍ഡിന്റെ ഉദാസീനത തന്നെയെന്ന് മാത്രമേ പറയാനാകൂ. 2013ല്‍ കരീബിയന്‍ സംഘത്തിനായി U-19 കളിച്ചിട്ടുള്ള താരം പിന്നീട് പരിക്കേറ്റ് കളം വിടുകയായിരുന്നു. ഇത്തരം മികച്ചൊരു താരത്തെ വേണ്ട വിധം പരിപോഷിപ്പിച്ച് കളത്തിലേക്ക് തിരികെ കൊണ്ടെത്തിക്കാനാകാതെ പോയത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ പരാജയം ആയി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.

വരും കാലങ്ങളില്‍ കാലിപ്സോ നൃത്തച്ചുവടുമായി കളത്തില്‍ നിറയുമെന്ന് ഉറപ്പുള്ള ജോഫ്ര ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുമോ അതോ വെസ്റ്റിന്‍ഡീസ് ജഴ്സിയിലേക്ക് മടങ്ങിയെത്തുമോ എന്നതാവും കാലം കാത്തിരിക്കുന്ന ഉത്തരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement