മാക്സ്വെല്‍ മാജികിനെ മറികടന്ന് ഹോബാര്‍ട്ട് ഹറികെയന്‍സ്

- Advertisement -

ഹോബാര്‍ട്ട് ഹറികെയന്‍സിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്‍, നിക്ക് ലാര്‍ക്കിന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 18.4 ഓവറില്‍ ഹോബാര്‍ട്ട് മറികടക്കുകയായിരുന്നു. മാക്സ്വെല്‍ 31 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ നിക് ലാര്‍ക്കിന്‍ 33 പന്തില്‍ നിന്ന് 45 റണ്‍സ് നേടി. ഹറികെയന്‍സിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ഡാര്‍സി ഷോര്‍ട്ട് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോബാര്‍ട്ടിനു വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. മാത്യൂ വെയിഡ് 52 റണ്‍സും ഡാര്‍സി ഷോര്‍ട്ട് 34 റണ്‍സും നേടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ നിന്ന് 55 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്. സന്ദീപ് ലാമിച്ചാനെ മൂന്ന് വിക്കറ്റുകള്‍ നേടിയെങ്കിലും ബെന്‍ മക്ഡര്‍മട്ട്(28), ജോര്‍ജ്ജ് ബെയിലി(27*) എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ 6 വിക്കറ്റ് വിജയം ഉറപ്പാക്കി.

Advertisement