7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട്

Sports Correspondent

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ 19.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് വിജയം ഉറപ്പാക്കി.

പവര്‍പ്ലേയ്ക്കുള്ളില്‍ ഓപ്പണര്‍ സൈമണ്‍ മിലെങ്കോയെയും കാലെബ് ജൂവലിനെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമായപ്പോള്‍ 25/2 എന്ന നിലയിലേക്ക് ഹോബാര്‍ട്ട് വീഴുകയായിരുന്നു. പിന്നീട് ഡാര്‍സി ഷോര്‍ട്ടും ബെന്‍ മക്ഡര്‍മട്ടും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 74 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഷോര്‍ട്ട് പുറത്തായെങ്കിലും ഡേവിഡ് മില്ലറുമായി(25*) ചേര്‍ന്ന് മക്ഡര്‍മട്ട് ടീമിന്റെ വിജയം ഉറപ്പാക്കി. 54 റണ്‍സുമായി മക്ഡര്‍മട്ട് പുറത്താകാതെ നിന്നപ്പോള്‍ ഷോര്‍ട്ട് 45 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. റെനഗേഡ്സിനായി ടോം കൂപ്പര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആരോണ്‍ ഫിഞ്ച്(50), ഷോണ്‍ മാര്‍ഷ്(37), മാര്‍ക്കസ് ഹാരിസ്(20) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് റെനഗേഡ്സ് 147 റണ്‍സിലേക്ക് എത്തിയത്. 122/2 എന്ന നിലയില്‍ നിന്നാണ് ടീം 147 റണ്‍സിന് ഓള്‍ഔട്ട് ആയത്. ജെയിംസ് ഫോക്നര്‍, നഥാന്‍ എല്ലിസ്, റിലീ മെറേഡിത്ത് എന്നിവര്‍ ഹോബാര്‍ട്ടിനായി മൂന്ന് വിക്കറ്റ് വീതം നേടി.