പരിശീലനത്തിനിടെ പരിക്കേറ്റ് ഗാരി കിര്‍സ്റ്റന്‍, വില്ലന്‍ ഷോര്‍ട്ട്

ഇന്ന് ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം ആരെന്ന ചോദ്യത്തിനു ഉത്തരം ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കുന്ന ഡിആര്‍ക്കി ഷോര്‍ട്ട് ആണെന്നാവും കളിയെ അടുത്ത് വിശകലനം ചെയ്യുന്നൊരാളുടെ മറുപടി. ബിഗ് ബാഷിലെ ഒട്ടുമിക്ക ടീമുകളിലെയും ബൗളര്‍മാര്‍ ഈ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു കഴിഞ്ഞിരിക്കുന്നു. രണ്ട് തവണ ശതകത്തിനരികെ എത്തിയ താരം മൂന്നാം അവസരത്തില്‍ ബിഗ് ബാഷിലെ മൂന്നക്ക സ്കോറും നേടുകയുണ്ടായി. ബൗളര്‍മാര്‍ മാത്രമല്ല ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ പരിശീലകന്‍ ഗാരി കിര്‍സ്റ്റനും ഇപ്പോള്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

താരത്തിനു പരിശീലനത്തിനായി പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു ഗാരിയുടെ താടിയിലേക്ക് പന്തടിച്ച് പരിക്കേല്പിക്കുകയായിരുന്നു ഷോര്‍ട്ട് തന്റെ ഷോട്ടിലൂടെ. ഇന്‍ഡോര്‍ നെറ്റ്സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കിര്‍സ്റ്റനു പല്ലിനു പൊട്ടലുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. കൂടുതല്‍ അപകടമില്ലാതെ കോച്ച് രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഷോര്‍ട്ടും ടീമംഗങ്ങളും.

നിലവില്‍ ഏഴ് ഇന്നിംഗ്സുകളിലായി താരം 465 റണ്‍സാണ് നേടിയിട്ടുള്ളത്. ബിഗ് ബാഷിലെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡും ഷോര്‍ട്ട് മറികടന്നു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial