ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലെങ്കിലും ബിഗ് ബാഷില്‍ മിന്നും പ്രകടനവുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മെല്‍ബേണ്‍ സ്റ്റാര്‍സിനു ആദ്യ ജയം

- Advertisement -

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ബിഗ് ബാഷിലെ ആദ്യ വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. സിഡ്നി സിക്സേര്‍സിനെതിരെയാണ് 5 വിക്കറ്റിന്റെ വിജയം സ്റ്റാര്‍സ് നേടിയത്. ടെസ്റ്റില്‍ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും വീണ് കിട്ടിയ അവസരം തന്റെ ബാറ്റിംഗ് ഫോം മെച്ചപ്പെടുത്തുവാനായി ഉപയോഗിച്ച ഹാന്‍ഡ്സ്കോമ്പ് 35 പന്തില്‍ നിന്ന് 70 റണ്‍സ് നേടുകയായിരുന്നു. 9 ബൗണ്ടറിയും 3 സിക്സും നേടിയ താരത്തിന്റെ ബാറ്റിംഗ് മികവില്‍ 14.5 ഓവറില്‍ സ്റ്റാര്‍സ് ലക്ഷ്യമായ 131 റണ്‍സ് മറികടന്നു. സിക്സേര്‍സിനു വേണ്ടി ബെന്‍ ഡ്വാര്‍ഷിയസ് മൂന്നും സ്റ്റീവ് ഒക്കേഫെയും രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സിനു വേണ്ടി ജോര്‍ദ്ദന്‍ സില്‍ക്ക്, ഷോണ്‍ അബോട്ട് എന്നിവരാണ് തിളങ്ങിയത്. 20 ഓവറില്‍ 130 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. ജോര്‍ദ്ദന്‍ സില്‍ക്ക് 41 റണ്‍സ് നേടിയപ്പോള്‍ അബോട്ട് 22 റണ്‍സ് നേടി. ജാക്സണ്‍ കോളമാന്‍ മൂന്നും സന്ദീപ് ലാമിച്ചാനെ ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Advertisement