ടി20 ലോകകപ്പ് പ്രതീക്ഷയുമായി ഫവദ് അഹമ്മദ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി രണ്ട് വര്‍ഷത്തേ കരാറിലേക്ക്

ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തനിക്ക് ടീമിനൊപ്പം ഭാഗമാകുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം പെര്‍ത്തുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തിയിരിക്കുന്നത്. 37 വയസ്സുകാരന്‍ താരം 2016ല്‍ സിഡ്നി തണ്ടറില്‍ നിന്ന് ബിഗ് ബാഷ് കിരീടം സ്വന്തമാക്കിയിരുന്നു. നാല് വര്‍ഷം ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച താരമാണ് ഫവദ്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി അഞ്ച് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള താരം അവസാനമായി ടീമിനു വേണ്ടി കളിച്ചത് 5 വര്‍ഷം മുമ്പാണ്. ഏകദിന ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടുന്നതിനായി അടുത്തിടെ ഫവദ് ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ആഡം സംപ, നഥാന്‍ ലയണ്‍ എന്നിവര്‍ താരത്തെ പിന്തള്ളി ലോകകപ്പിലേക്ക് എത്തുകയായിരുന്നു.

എന്നിരുന്നാലും ടി20 ലോകകപ്പ് ടീമില്‍ തനിക്ക് ഇടം നേടാനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. അടുത്തിടെ ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ്, കോച്ച് ജസ്റ്റിന്‍ ലാംഗര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളാണ് തന്നെ വീണ്ടും ഓസ്ട്രേലിയന്‍ ടീം മോഹങ്ങള്‍ സജീവമാക്കിയതെന്നും താരം അറിയിച്ചു. ഗ്ലോബല്‍ ടി20 കാനഡ, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളെ സ്ഥിരം സാന്നിദ്ധ്യമാണ് ഫവദ് അഹമ്മദ്.

ബിഗ് ബാഷിനു ശേഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരം എത്തുന്നുണ്ട്.

Previous articleയുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ലീഗിലേക്ക് ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍
Next articleമിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി