ഫോക്നറുടെ തകര്‍പ്പനടികളില്‍ തകര്‍ന്ന് പെര്‍ത്ത്, ഹോബാര്‍ട്ടിനു 4 വിക്കറ്റ് ജയം

- Advertisement -

അവസാന ഓവറില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ക്രീസില്‍ ജെയിംസ് ഫോക്നറും ജോഹന്‍ ബോത്തയും പന്തെറിയാനി ആന്‍ഡ്രൂ ടൈ. ലക്ഷ്യം അപ്രാപ്യമല്ലായിരുന്നുവെങ്കിലും ഫോക്നര്‍ അത് 3 പന്തില്‍ നേടി ഹോബാര്‍ട്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക് നയികിക്കുകയായിരുന്നു. ആദ്യ പന്തില്‍ സിക്സ് നേടിയ ഫോക്നര്‍ അടുത്ത പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും നേടി മൂന്ന് പന്ത് അവശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി ജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 177 റണ്‍സ് എഴുതുകയായിരുന്നു. സാം വൈറ്റ്മാന്‍(68), നഥാന്‍ കോള്‍ട്ടര്‍-നൈല്‍(15 പന്തില്‍ പുറത്താകാതെ 31), ആന്‍ഡ്രൂ ടൈ(12 പന്തില്‍ 25), ഹിള്‍ട്ടണ്‍ കാര്‍ട്‍റൈറ്റ്(29) എന്നിവരാണ് പെര്‍ത്ത് നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ജെയിംസ് ഫോക്നര്‍ മൂന്നും റിലി മെറേഡിത്ത്, ഡേവിഡ് മൂഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജോര്‍ജ്ജ് ബെയിലി 39 പന്തില്‍ നിന്ന് നേടിയ 69 റണ്‍സാണ് ഹോബാര്‍ട്ട് വിജയത്തിനു അടിത്തറയായത്. കാലെബ് പോള്‍ ജ്യുവല്‍ 32 റണ്‍സ് നേടിയപ്പോള്‍ ജെയിംസ് ഫോക്നര്‍ പുറത്താകാതെ 28 റണ്‍സും നേടിയാണ് വിജയം ഉറപ്പാക്കിയ പ്രകടനം പുറത്തെടുത്തത്. ജോര്‍ജ്ജ് ബെയിലിയാണ് കളിയിലെ താരം.

3 ഓവറുകളില്‍ നിന്ന് 25 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ആന്‍ഡ്രൂ ടൈയ്ക്ക് അവസാന ഓവര്‍ എറിയുവാന്‍ പന്ത് നല്‍കുമ്പോള്‍ മുന്‍ ഓവറുകളിലെ മികവായിരുന്നു ക്യാപ്റ്റന്‍ ആഷ്ടണ്‍ ടര്‍ണറുടെ മനസ്സില്‍. എന്നാല്‍ ഫോക്നര്‍ ആ പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ. ആരോണ്‍ ഹാര്‍ഡി രണ്ട് വിക്കറ്റ് നേടി.

Advertisement