
സിഡ്നി തണ്ടറിനെ 53 റണ്‍സിനു പരാജയപ്പെടുത്തി അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ബിഗ് ബാഷില്‍ വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് അലക്സ് കാരേ(44), ട്രാവിസ് ഹെഡ്(36) എന്നിവരുടെ ബാറ്റിംഗിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടുകയായിരുന്നു. മികച്ച സ്കോറിലേക്ക് കുതിച്ച സ്ട്രൈക്കേഴ്സിനെ മലയാളിയായ അര്ജ്ജുന് നായരുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് പിടിച്ചുകെട്ടിയത്. എന്നാല്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തണ്ടര്‍ ബാറ്റ്സ്മാന്മാര് പരാജപ്പെട്ടപ്പോള്‍ 17.4 ഓവറില്‍ ടീം 110 റണ്‍സിനു ഓള്‍ഔട്ടായി. അര്ജ്ജുന് നായര്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. ബെന്‍ ലൗഗ്ലിന്‍ നാല് വിക്കറ്റും റഷീദ് ഖാന് പീറ്റര്‍ സിഡില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
48 റണ്‍സ് നേടിയ കുര്‍ടിസ് പാറ്റേര്‍സണ്‍ തണ്ടറിനു വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. നാല് ബാറ്റ്സ്മാന്മാര് പൂജ്യത്തിനു പുറത്താവുകയും ചെയ്തപ്പോള്‍ അര്ജ്ജുന് നായരും പാറ്റേര്‍സണും ഷെയിന്‍ വാട്സണും(12) മാത്രമാണ് ഇരട്ട അക്കം കടന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial