അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് ബിഗ് ബാഷിലെ രണ്ടാം മത്സരത്തില്‍ ആദ്ം ബാറ്റ് ചെയ്ത റെനഗേഡ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു. മാര്‍ക്കസ് ഹാരിസ്(28 പന്തില്‍ 48 റണ്‍സ്), കാമറൂണ്‍ വൈറ്റ്(68*), ടോം കൂപ്പര്‍(34 പന്തില്‍ 57) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മിച്ചല്‍ ജോണ്‍സണിനു ഒരു വിക്കറ്റും ലഭിച്ചു.

ആഷ്ടണ്‍ ടര്‍ണര്‍ 32 പന്തില്‍ നേടിയ 70 റണ്‍സും ഡേവിഡ് വില്ലിയുടെ(55) അര്‍ദ്ധ ശതകവുമാണ് മത്സരം അവസാന ഓവറില്‍ സ്വന്തമാക്കുവാന്‍ പെര്‍ത്തിനെ സഹായിച്ചത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ഇരുവരെയും നഷ്ടമായപ്പോള്‍ പെര്‍ത്തിന്റെ വിജയം സംശയത്തിലാകുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ ആഷ്ടണ്‍ അഗര്‍ മികവാര്‍ന്ന പ്രകടനവുമായി(26*) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടര്‍ണര്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതമാണ് 70 റണ്‍സ് നേടിയത്. ഒരു പന്ത് ശേഷിക്കെയാണ് 5 വിക്കറ്റ് വിജയം പെര്‍ത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരുത്ത് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ്, ഇന്ത്യയ്ക്കെതിരെ 72 റണ്‍സ് ജയം
Next articleലിന്നിനെ വിട്ടുമാറാതെ പരിക്ക്