
മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു അഡിലെയിഡ് സ്ട്രൈക്കേഴ്സിനെ എറിഞ്ഞിട്ട് അര്ജ്ജുന് നായര്‍. തന്റെ നാലോവറിലായി അഡിലെയിഡ് സ്ട്രൈക്കേഴ്സിന്റെ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ പുറത്താക്കിയാണ് അര്ജ്ജുന് അതി വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു അഡിലെയിഡിനെ പിടിച്ചുകെട്ടിയത്. ജേക്ക് വെതറാള്‍ഡിനെ നഷ്ടമായ ശേഷം ട്രാവിസ് ഹെഡ്, അലക്സ് കാരേ കൂട്ടുകെട്ട് മികച്ച പാര്‍ട്ട്ണര്‍ഷിപ്പുമായി അഡിലെയിഡിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന സ്ഥിതിയിലാണ് അര്ജ്ജുന് നായര്‍ തന്റെ തുടരെയുള്ള മൂന്ന് ഓവറുകളില്‍ ഓരോ വിക്കറ്റ് വീതം വീഴത്തി സ്ട്രൈക്കേഴ്സിനെ പ്രതിസന്ധിയിലാക്കിയത്. 89/1 എന്ന നിലയില്‍ നിന്ന് 111/4 എന്ന നിലയിലേക്ക് വീണ സ്ട്രൈക്കേഴ്സ് പിന്നീട് റണ്‍സ് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുകയായിരുന്നു.
അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ജോനാഥോന് ഡീന്‍ 6 പന്തില്‍ നേടിയ 12 റണ്‍സിന്റെ ബലത്തില്‍ അഡിലെയിഡ് സട്രൈക്കേഴ്സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടുകയായിരുന്നു. അലക്സ് കാരേ(26 പന്തില്‍ 44) ആണ് ടീമിന്റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 36 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടുമായി കുതിക്കുമ്പോളാണ് വില്ലനായി അര്ജ്ജുന് നായര്‍ എത്തുന്നത്. ജേക്ക് ലേഹ്മാന് വേഗതയില്ലെങ്കിലും നിര്‍ണ്ണായകമായ 23 റണ്‍സ് നേടി.
അര്ജ്ജുന് നായര്‍ തന്റെ നാലോവറില്‍ 36 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial