ജയം ഒരു റണ്‍സിനു, ഫൈനല്‍ ഉറപ്പിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ജയത്തോടെ ഫൈനലില്‍ യോഗ്യത നേടിയ സ്ട്രൈക്കേഴ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിനെ നേരിടും. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 178 റണ്‍സ് നേടിയപ്പോള്‍ മെല്‍ബേണിനു 177 റണ്‍സാണ് 20 ഓവറില്‍ നേടാനായത്. അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മെല്‍ബേണ്‍ അത് അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് കൊണ്ടെത്തിച്ചുവെങ്കിലും ഒരു റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി നായകന്‍ ട്രാവിസ് ഹെഡ് 57 പന്തില്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം ജേക്ക് വെത്തറാള്‍ഡ് 57 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിനു വേണ്ടി മാര്‍ക്കസ് ഹാരിസ് 45 റണ്‍സോടെ ടോപ് സ്കോററായപ്പോള്‍ ടോം കൂപ്പര്‍(36*)-കീറണ്‍ പൊള്ളാര്‍‍ഡ്(29*) എന്നിവര്‍ പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

85 റണ്‍സ് നേടുകയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial