അവസാന ഓവറുകളില്‍ തകര്‍ന്ന് ശ്രീലങ്ക, അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഭുവി

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ പതിവു കാഴ്ചയായ ലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് വീണ്ടും സാക്ഷിയായി കൊളംബോ പ്രേമദാസ സ്റ്റേഡിയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 185/3 എന്ന നിലയില്‍ നിന്ന് അവസാന 7 വിക്കറ്റുകള്‍ 53 റണ്‍സിനു നഷ്ടപ്പെടുത്തി 238 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. ഒരു ഘട്ടത്തില്‍ 250 റണ്‍സിനു മേല്‍ സ്കോര്‍ ചെയ്യുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ വരിഞ്ഞുകെട്ടി.

ഭുവനേശ്വര്‍ കുമാര്‍ ഏകദിനത്തിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മഹേന്ദ്ര സിംഗ് ധോണി തന്റെ നൂറാം സ്റ്റംപിംഗ് എന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയില്‍ നിന്ന് തട്ടിയെടുക്കുന്ന കാഴ്ചയും കൊളംബോയില്‍ കാണികള്‍ സാക്ഷ്യം വഹിച്ചു.

ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ലഹിരു തിരിമനേ-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണ്. ഉപുല്‍ തരംഗ(48) പുറത്താകുമ്പോള്‍ 63/3 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ നാലാം വിക്കറ്റിലെ 122 റണ്‍സിന്റെ ബലത്തില്‍ 185/4 എന്ന നിലയിലേക്ക് ഈ കൂട്ടുകെട്ട് ഉയര്‍ത്തുകയായിരുന്നു. 250 അനായാസം കടക്കുമന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരും തുടരെ പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി.

67 റണ്‍സ് നേടിയ തിരിമനേയെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏറെ വൈകാതെ ആഞ്ചലോ മാത്യൂസിനെ(55) കുല്‍ദീപ് ധോണിയുടെ കൈകളിലെത്തിച്ചു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 49.4 ഓവറില്‍ ശ്രീലങ്ക 238 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഭുവനേശ്വര്‍ കുമാര്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച മത്സരത്തില്‍ തങ്ങളുടെ ഏഴ് വിക്കറ്റുകള്‍ ശ്രീലങ്ക 53 റണ്‍സിനു നഷ്ടപ്പെടുത്തുകയായിരുന്നു. 185/3 എന്ന താരതമ്യേന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ശ്രീലങ്കന്‍ ഇന്നിംഗസ് 238 റണ്‍സിനു അവസാനിച്ചത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ വിക്കറ്റ് നേട്ടം 15 ആക്കി മാറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial