പരിക്ക് മാറിയെത്തുന്ന ഭുവനേശ്വറിന്റെ ശ്രദ്ധ ഇപ്പോള്‍ ഫിറ്റ്നെസ്സില്‍

കോവിഡ് മൂലം ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ലോക്ക്ഡൗണിലും പരിശീലനവും ഫിറ്റ്നെസ്സ് ഡ്രില്ലുമായി മുന്നോട്ട് പോകുകയാണ്. അതേ സമയം പരിക്ക് മൂലം ഏറെക്കാലമായി പുറത്ത് നിന്ന ഭുവനേശ്വര്‍ കുമാര്‍ ഇപ്പോള്‍ തിരികെ മടങ്ങിയെത്തുമ്പോള്‍ കളിക്കളത്തിലിറങ്ങാനാകാത്ത സ്ഥിതിയിലാണ്.

പരിക്ക് മൂലം ഈ വര്‍ഷം ആദ്യം നടന്ന ന്യൂസിലാണ്ട് പരമ്പര ഭുവനേശ്വര്‍ കുമാറിന് നഷ്ടമായിരുന്നു. ജനുവരിയില്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഭുവനേശ്വര്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. മുംബൈയില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഇത്. പിന്നീട് പരിക്ക് മാറി ഐപിഎലില്‍ തിരിച്ച് വരാമെന്ന് താരം പദ്ധതിയിട്ടെങ്കിലും ഇപ്പോള്‍ കോവിഡ് 19 മൂലം ആ സാധ്യതകള്‍ മങ്ങി. ഇതോടെ താരത്തിന് ഇപ്പോള്‍ പരിക്ക് മാറിയെങ്കിലും തിരിച്ച് കളിക്കളത്തിലേക്കുള്ള കാത്തിരിപ്പ് വൈകുമെന്ന് ഉറപ്പായി.

തന്റെ പരിക്ക് പൂര്‍ണ്ണമായും മാറിയെന്നും വീട്ടില്‍ അടച്ചിരിക്കുവാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും താരം പറഞ്ഞു. താന്‍ വളരെയധികം യാത്ര ചെയ്യുന്ന ആളാണ്, അത് ഇപ്പോള്‍ സാധിക്കില്ല, അതിനാല്‍ തന്നെ വീട്ടില്‍ സുരക്ഷിതനായി ഇരുന്ന് ഫിറ്റ്നെസ്സിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം വെളിപ്പെടുത്തി.

Exit mobile version