പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഷൊയ്ബ് മാലിക്, മൈക്കല്‍ ലീസ്കിനു 3 വിക്കറ്റ്

- Advertisement -

ആദ്യ മത്സരത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ബൗളിംഗ് പ്രകടനവുമായി സ്കോട‍്‍ലാന്‍ഡ്. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 166 റണ്‍സില്‍ ചെറുത്ത് നിര്‍ത്തുവാന്‍ ഇത്തവണ സ്കോട‍്‍ലാന്‍ഡ് ബൗളര്‍മാര്‍ക്കായിരുന്നു. മൈക്കല്‍ ലീസ്ക് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് സ്കോട്‍ലാന്‍ഡിനു മികച്ച സാധ്യത മത്സരത്തില്‍ നല്‍കിയത്. അവസാന ഓവറുകളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഷൊയ്ബ് മാലിക്ക് ആണ് പാക്കിസ്ഥാനെ 166 എന്ന സ്കോറിലേക്ക് നയിച്ചത്. 6 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഫകര്‍ സമനും അഹമ്മദ് ഷെഹ്സാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിചേര്‍ത്തുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്റെ റണ്ണൊഴുക്കിനു തടസ്സം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഫകര്‍ സമന്‍ 33 റണ്‍സ് നേടിയപ്പോള്‍ 24 റണ്‍സാണ് അഹമ്മദ് ഷെഹ്സാദിന്റെ സംഭാവന.

ആറാം വിക്കറ്റില്‍ 54 റണ്‍സ് നേടി ഷൊയ്ബ് മാലിക്-ഷദബ് ഖാന്‍ കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 17 റണ്‍സ് നേടി ഷദബ് ഖാന്‍ പുറത്തായപ്പോള്‍ 22 പന്തില്‍ 49 റണ്‍സുമായി ഷൊയ്ബ് മാലിക് പുറത്താകാതെ നിന്നു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സ്കോട്‍ലാന്‍ഡ് ബൗളര്‍മാര്‍ പാക്കിസ്ഥാനെ ചെറുത്തത്. ലീസ്ക് മൂന്ന് പാക്കിസ്ഥാനി വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്രിസ് സോള്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വാട്ട് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement