അറസ്റ്റിലായ ബെന്‍ സ്റ്റോക്സ് ഓവല്‍ ഏകദിനത്തിനില്ല

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാം ഏകദിനത്തില്‍ മത്സരിക്കുകയില്ല എന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്ട്രോസ്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാതിരുന്ന സ്ട്രോസ് ബെന്‍ സ്റ്റോക്സിനെ പോലീസ് വിട്ടയച്ചുവെന്നും താരത്തിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല എന്നും അറിയിച്ചു. ബാറിലുണ്ടായ സംഘര്‍ഷത്തില്‍ സ്റ്റോക്സിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വാര്‍ത്ത പരക്കുന്നത്.

അതേ സമയം സ്റ്റോക്സിനൊപ്പമുണ്ടായിരുന്ന അലക്സ് ഹെയില്‍സും നാളത്തെ ഏകദിനത്തിനു ലഭ്യമാവില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇംഗ്ലണ്ടിന്റെ പരിശീലന സെഷനില്‍ പങ്കെടുക്കാതിരുന്ന താരം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ബ്രിസ്റ്റോളിലേക്ക് മടങ്ങിയെന്നാണ് അറിയുവാന്‍ കഴിയുന്നത്. ആഷസ് പരമ്പരയുടെ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ വിവാദങ്ങളില്‍ താരങ്ങള്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇതൊന്നും ആഷസിനുള്ള ടീം തിരഞ്ഞെടുപ്പിനെ യാതൊരുവിധത്തിലും ബാധിക്കുകയില്ലെന്നാണ് സ്ട്രോസ് വ്യക്താമാക്കിയത്. അവസാന ഏകദിനത്തിലും സ്റ്റോക്സും സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയില്‍സും ഉണ്ടാകില്ല എന്നാണ് അഭ്യൂഹങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial