
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അരങ്ങേറുന്ന ഇംഗ്ലണ്ട് എ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിവാദ താരം ബെന്‍ ഡക്കറ്റിനെ ഒഴിവാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ സഹതാരവുമായി സംഘര്ഷത്തിലേര്പ്പെട്ടതിനെത്തുടര്ന്നാണ് താരത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. പെര്‍ത്ത് ടെസ്റ്റിനു മുമ്പ് ഇംഗ്ലണ്ടിന്റെ സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണിന്റെ തലയിലാണ് താരം മദ്യം ഒഴിച്ചത്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം പ്രകോപിതനായ ബെന്‍ ഡക്കറ്റ് ആന്‍ഡേഴ്സണിനെതിരെ ഈ പ്രവൃത്തി ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെ ഓസ്ട്രേലിയന്‍ XI നെതിരെയുള്ള സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇംഗ്ലണ്ടിന്റെ എ ടീമിനെ കീറ്റണ്‍ ജെന്നിംഗ്സ് ആണ് നയിക്കുക. പരിക്ക് മൂലം ആഷസ് നഷ്ടമായ ടോബി റോളണ്ട്-ജോണ്‍സ് പരിക്ക് മാറി ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. 22 അംഗ ടീമിനെയാണ് വെസ്റ്റിന്ഡീസിലേക്കായി സെലക്ടര്‍മാര്‍ തിരഞ്ഞടുത്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനു ആരംഭിച്ച് മാര്‍ച്ച് 11 വരെയാണ് പര്യടനം നീളുന്നത്. ആഷസ് സ്ക്വാഡില്‍ അംഗങ്ങളായ ബെന്‍ ഫോക്സ്, മേസണ്‍ ക്രെയിന്‍ എന്നിവരെയും പര്യടനത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിലെ താരങ്ങളില്‍ ആര്‍ക്കെങ്കിലും ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ന്യൂസിലാണ്ട് പര്യടനത്തിനായി സെലക്ഷന് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് തിരികെ മടങ്ങാവുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial