
ഇന്ന് രാവിലെ വരെ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ അംഗമായ മുഹമ്മദ് ഷമിയ്ക്ക് വൈകുന്നേരം പ്രഖ്യാപനം വരുമ്പോള്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിനു പിന്നില്‍ ഷമിയുടെ ഭാര്യ പോലീസില്‍ നല്കിയ ഗാര്‍ഹിക പീഡന പരാതിയെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ ഷമിയെക്കുറിച്ചുള്ള പല വാര്‍ത്തകളും താരത്തിന്റെ ഭാര്യ തന്നെ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് താരത്തിനു പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച താരത്തിന്റെ ഭാര്യ തെളിവുകളായി ചില ചാറ്റുകളുടെ സ്ക്രീന്‍ഷോട്ട് ഇട്ടിരുന്നു. കൂടാതെ പോലീസില്‍ ഗാര്‍ഹിക പീഡനത്തിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.
ഷമിക്ക് കരാര്‍ കൊടുത്താല്‍ ഉണ്ടായേക്കാവുന്ന പൊതുജന അമര്‍ഷം കണക്കിലെടുത്താണ് ബിസിസിഐ നിലവില്‍ കരാര്‍ തടഞ്ഞുവെച്ചതാണെന്ന് അറിയുവാന്‍ കഴിയുന്നത്. പോലീസ് നടപടി നേരിടുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്ണ്ണമാകുമെന്നതും ബിസിസിഐ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കള്ളമാണെന്നും കളിയിലുള്ള തന്റെ ശ്രദ്ധ തെറ്റിക്കാനുമാണെന്നായിരുന്നു ഷമി ട്വിറ്ററിലൂടെ അറിയിച്ചത്. ദിയോദര്‍ ട്രോഫിയുടെ ഭാഗമായി ധര്‍മ്മശാലയിലാണ് ഷമി ഇപ്പോള്‍. താരത്തിനു ബിസിസിഐ ഗ്രേഡ് ബി കരാര്‍ നല്‍കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കരാര്‍ സംബന്ധമായ തീരുമാനങ്ങള്‍ ബിസിസിഐ എടുത്തിരുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial