ബിസിസിഐയുടെ ഖജനാവ് കുരുക്കിക്കൊണ്ട് സുപ്രീംകോടതി!

- Advertisement -

ലോധ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പില്‍ വരുത്താത്തതിനെ തുടര്‍ന്നു ബിസിസിഐക്ക് കടുത്ത നിയന്ത്രണങ്ങളുമായി സുപ്രീംകോടതി വിധി. സംസ്ഥാനതല ക്രിക്കറ്റ് ബോര്‍ഡുകളുമായുള്ള ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞ കോടതി ലോധ കമ്മിറ്റിയോട് ബിസിസിഐയില്‍ സ്വതന്ത്ര ഓഡിറ്ററെ വെക്കാനും ആവിശ്യപ്പെട്ടിട്ടുണ്ട്.

ലോധകമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് സത്യവാങ്ങ്മൂലം ഡിസംബര്‍ 5 നു സമര്‍പ്പിക്കാന്‍ കോടതി ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറിന് നിര്‍ദേശം നല്‍ക്കി. ഇത് കൂടാതെ ബിസിസിഐക്ക് സ്വയം തീരുമാനിക്കാന്‍ പറ്റുന്ന തുകയ്ക്ക്  പരിധി നിശ്ചയിക്കാനും കോടതി ലോധ കമ്മീഷനോട് ആവിശ്യപ്പെട്ടു. ഇതില്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ ബിസിസിഐക്ക് പ്രത്യേക അനുമതി വേണ്ടി വന്നേക്കും.

ഈ മാസാവസാനം നടക്കാന്‍ ഇരിക്കുന്ന ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗ് ലേലത്തിനെ ഈ വിധി ബാധിച്ചേക്കും.

ബിസിസിഐയ്ക്ക് നിരവധി തവണ കൊടുത്ത ശാസനങ്ങള്‍ ഫലവത്താവാത്തതിനെ തുടര്‍ന്നാണ്‌ കോടതി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ലോധ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍ക്കാന്‍ കോടതി  പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. ഇന്നാല്‍ അത് സമര്‍പ്പിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞില്ല.

ഈ വിഷയത്തില്‍ ബിസിസിഐ ഒരു അയഞ്ഞ സമീപനമാണ് കൈകൊണ്ടതെന്ന് വിമർശനമുയർന്നിരുന്നു. ബിസിസിഐ കഴിഞ്ഞ ദിവസങ്ങളിൽ 400 കോടി സംസ്ഥാന ബോർഡുകളിലേക്ക് കൊടുക്കാൻ എടുത്ത തീരുമാനവും വൻ വിവാദമായിരുന്നു. കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ  ഇത്തരമൊരു തീരുമാനം ബിസിസിഐക്ക് എടുക്കാൻ പറ്റില്ലെന്ന് ലോധ കമ്മീഷൻ ബാങ്കുകളിലേക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് ബാങ്ക് ബിസിസിഐ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചതും പ്രശ്നം കൂടുതൽ വഷളാക്കി.

ലോധ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാനതലത്തിലുള്ള ക്രിക്കറ്റ് ബോര്‍ഡുകളെയും ബാധിക്കുമെന്ന് ഉറപ്പാണ്. 70 വയസ്സെന്ന പ്രായപരിധി നിശ്ചയിച്ചത് കൊണ്ട് ശരദ് പവാര്‍ അടക്കം പലരും ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും സ്ഥാനം ഒഴിയേണ്ടി വരും. കൂടാതെ മന്ത്രിമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ലോധ കമ്മീഷന്‍ ശുപാര്‍ശ കാരണം പദവികള്‍ കിട്ടില്ല. CAG യുടെ പ്രതിനിധി അടക്കമുള്ള വ്യക്തികള്‍ ബിസിസിഐ യില്‍ ഉണ്ടാവണമെന്നും ലോധ നിര്‍ദേശിക്കുന്നു.

ഇതോടൊപ്പം തന്നെ ഒരു സംസ്ഥാനത്തിനു ഒരു വോട്ട് മാത്രമായിരിക്കും ഉണ്ടാവുക. ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് മൂന്നു വോട്ടുകള്‍ വരെ ഉണ്ട്. ഇത് കൂടാതെ 9 കൊല്ലം ഒരു പദവിയില്‍ ഇരുന്ന വ്യക്തിക്ക് പിന്നീട് ഒരു പദവിയും സ്വീകരിക്കാന്‍ കഴിയില്ല.

ഈ വിഷയത്തില്‍ ബിസിസിഐ വന്‍ കുരുക്കിലേക്കാണ് നീങ്ങുന്നതെന്ന് ഫാന്‍പോര്‍ട്ട്‌  റിപ്പോര്‍ട്ട് ചെയ്തിരുന്നു. “ബിസിസിഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ തിരഞ്ഞെടുക്കയോ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നു” കോടതി വാദത്തിനിടയില്‍ പറഞ്ഞതായി ANI റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2013 IPL കോഴക്കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ലോധ കമ്മീഷനെ സുപ്രീംകോടതി 2015 ജനുവരിയില്‍ നിയോഗിക്കുന്നത്. തുടര്‍ന്ന് ക്രിക്കറ്റിനെ അടിമുടി പരിഷ്കരിക്കുന്ന നിര്‍ദേശങ്ങള്‍ ലോധ കമ്മിറ്റി കോടതിയില്‍ സമര്‍പ്പിച്ചു. ഇവ സമയബന്ധിതമായി പ്രാബല്യത്തില്‍ വരുത്താന്‍ കോടതി ജൂലൈ 18നു ബിസിസിഐയോട് ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നിന് ലോധ കമ്മിറ്റി “പ്രധാന നിര്‍ദേശങ്ങള്‍” പാലിക്കാന്‍ ഒരുക്കമാണെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പറഞ്ഞ സുപ്രീംകോടതി ബിസിസിഐ വാദങ്ങള്‍ തള്ളിക്കളയുക ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാന്‍ പോര്‍ട്ടിന്‍റെ റിപ്പോര്‍ട്ടില്‍ ലഭ്യമാണ്.

ബിസിസിഐ വന്‍ കുരുക്കിലേക്ക്?

Advertisement