Site icon Fanport

വാതുവെപ്പ് വിവാദത്തിൽ പ്രത്യേക അന്വേഷണത്തിന് ബി.സി.സി.ഐ

കർണാടക പ്രീമിയർ ലീഗിനെ പിടിച്ചുകുലുക്കിയ വാതുവെപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് ഒരുങ്ങി ബി.സി.സി.ഐ. ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി സമിതി തലവൻ അജിത് സിങ്ങാണ് ബി.സി.സി.ഐ കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് കേസ് പ്രത്യേകം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം കർണാടക പ്രീമിയർ ലീഗ് താരങ്ങളായ സി.എം ഗൗതമിനെയും മിസോറാം ക്യാപ്റ്റൻ അബ്‌റാർ ഖാസിയെയും അറസ്റ് ചെയ്തതിന് പിന്നാലെയാണ് ബി.സി.സി.ഐ തീരുമാനം. നിലവിൽ അന്വേഷണം നടത്തുന്ന ബെംഗളൂരു പോലീസിന്റെ കുറ്റപത്രം ബി.സി.സി.ഐ പരിഗണിക്കുമെന്നും ബി.സി.സി.ഐ നടത്തുന്ന അന്വേഷണത്തിൽ താരങ്ങളുടെ മൊഴി എടുക്കുമെന്നും അതിന് അനുസരിച്ച് ബി.സി.സി.ഐക്ക് നടപടിക്ക് ശുപാർശ ചെയ്യുമെന്നും അജിത് സിങ് വ്യക്തമാക്കി.

ബി.സി.സി.ഐക്ക് താരങ്ങളുടെ പേരിൽ മാത്രമേ നടപടി എടുക്കാൻ കഴിയുമെന്നും വാതുവെപ്പുകാർക്കെതിരെ പൊലീസിന് മാത്രമേ നടപടി എടുക്കാൻ കഴിയു എന്നും അഴിമതി വിരുദ്ധ സമിതിയുടെ തലവൻ വ്യക്തമാക്കി. ഇനി മുതൽ പ്രാദേശിക അസോസിയേഷനുകൾ നടത്തുന്ന ടൂർണമെന്റിന് ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയുടെ നിയന്ത്രണം ഉണ്ടാവുമെന്നും അജിത് സിങ് പറഞ്ഞു.

Exit mobile version