2018ല്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്?

- Advertisement -

ഇന്ത്യ-ന്യൂസിലാണ്ട് ടി20 വിജയകരമായി നടത്തിയ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേക്ക് വീണ്ടും ക്രിക്കറ്റെത്തുമെന്ന സൂചന. കൊച്ചിയില്‍ അനുവദിക്കാനിരുന്നു മത്സരം തിരുവനന്തപുരത്തിനു 2018ല്‍ അനുവദിച്ചു നല്‍കുമെന്നാണ് അറിയുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫുട്ബോള്‍ മത്സരങ്ങളുമായി തിരക്കിലാവുമെന്ന കാരണവും തിരുവനന്തപുരത്തിനു നറുക്ക് വീഴാന്‍ സാധ്യത ഏറെയാണ്. അടുത്ത വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏതെങ്കിലും പരമ്പരയിലെ ഏകദിന മത്സരമാണ് തിരുവനന്തപുരത്തിനു അനുവദിക്കുവാന്‍ സാധ്യതയെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യ-ന്യൂസിലാണ്ട് മത്സരത്തിനു ആതിഥേയത്വം വഹിച്ചതോടെ സ്പോര്‍ട്സ് ഹബ്ബ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സര വേദിയാവുന്ന 50ാമത്തെ സ്റ്റേഡിയം ആയി മാറിയിരുന്നു. മത്സരശേഷം തിരുവനന്തപുരത്തെ സജ്ജീകരണങ്ങളെയും കാണികളെയും ഗ്രൗണ്ട് സ്റ്റാഫിനെയും സംഘാടക മികവിനെയും എല്ലാം വിവിധ കോണുകളില്‍ നിന്ന് ക്രിക്കറ്റ് പണ്ഡിതരും സാധാരണ പ്രേക്ഷകരും ഏറെ പ്രകീര്‍ത്തീകരിച്ചിരുന്നു.

ഐപിഎല്‍ സാധ്യതകളും കെസിഎ ആരായുന്നുണ്ടെന്നാണ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് അറിയിച്ചത്. എന്നാല്‍ ഐപിഎല്‍ മത്സരം നടത്തുന്നതിനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് ഫ്രാഞ്ചൈസികളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ സംസ്ഥാനത്ത് നിന്നു ഒരു ഐപിഎല്‍ ടീം ഇല്ലാത്ത സ്ഥിതിക്ക് മറ്റു ഫ്രാഞ്ചൈസികള്‍ കനിയുന്നതിനു കാത്തിരിക്കണം തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. നിലവില്‍ കിംഗ്സ് ഇലന്‍ പഞ്ചാബും, രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ ഹോം ഗ്രൗണ്ട് മാറണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രാജസ്ഥാന്‍ പൂനെയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എന്നിവരുടെ ഒരു മത്സരം മറ്റൊരു വേദിയില്‍ നടത്തിയാലും തിരുവനന്തപുരത്തിനു നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൂര്‍ണ്ണമെന്റിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ എന്ത് വന്നാലും ഒരു മത്സരം പോലും ചെന്നൈയ്ക്ക് പുറത്ത് കളിക്കുവാന്‍ താല്പര്യപ്പെടുവാന്‍ ഇടയില്ല. എന്നിരുന്നാലും പഞ്ചാബ് ധര്‍മ്മശാലയെ തങ്ങളുടെ സെക്കന്‍ഡ് ഹോം ആയി തിരഞ്ഞെടുത്തത് പോലെ ചെറിയ പട്ടണങ്ങളിലേക്ക് ഐപിഎല്‍ പ്രചരിപ്പിക്കുക എന്ന ബിസിസിഐ നയത്തില്‍ ബോര്‍ഡ് ഉറച്ച് നിന്നാല്‍ തിരുവനന്തപുരത്തിനു നറുക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement