ബിസിസിഐ വന്‍ കുരുക്കിലേക്ക്?

- Advertisement -

ബിസിസിഐ ബാങ്ക് അക്കൌണ്ടുകള്‍ ലോധ കമ്മിറ്റി മരവിപ്പിച്ചില്ല എന്ന് വ്യക്തമായതോടെ ഇന്ത്യ ന്യൂസിലണ്ട് കളി നടന്നേക്കുമെങ്കിലും നാളെ ബിസിസിഐ സുപ്രീംകോടതിയില്‍ കൊടുക്കുന്ന മറുപടിയാണ് ഇനി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുക. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുഴുവനായി പാലിക്കാന്‍ ബിസിസിഐ കൂട്ടാക്കാതിരിക്കുകയും “വഴിയ്ക്ക് വന്നില്ലെങ്കില്‍ വഴിയ്ക്ക് വരുത്തും” എന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കായിക ഭരണ സ്ഥാപനവും പരമോന്നത നീതിന്യായവും രണ്ടു തട്ടില്‍ നില്‍ക്കുകയാണ്.

2013 IPL കോഴക്കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ലോധ കമ്മീഷനെ സുപ്രീംകോടതി 2015 ജനുവരിയില്‍ നിയോഗിക്കുന്നത്. പഴയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ യുടെ കീഴിലുള്ള സുപ്രീംകോടതി റിട്ടേയേര്‍ഡ് ജഡ്ജിമാരടങ്ങുന്ന ഈ കമ്മിറ്റിയോട് ബിസിസിഐ പരിഷ്കരിക്കാനും കായിക അഴിമതി, വിരുദ്ധ താത്പര്യങ്ങള്‍ എന്നിവ നിര്‍ത്താനുമുള്ള നിര്‍ദേശങ്ങള്‍ തരാനും സുപ്രീംകോടതി ആവിശ്യപ്പെടുക്കയായിരുന്നു. തുടര്‍ന്ന് ക്രിക്കറ്റിനെ അടിമുടി പരിഷ്കരിക്കുന്ന നിര്‍ദേശങ്ങള്‍ ലോധ കമ്മിറ്റി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിലെ ബിസിസിഐയെ വിവരാകാശനിയമത്തിന്‍റെ കീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാരിനോട് പരിശോധിക്കാന്‍ പറഞ്ഞ ശേഷം മറ്റു ഭൂരിഭാഗം നിര്‍ദേശങ്ങളും സുപ്രീംകോടതി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവ സമയബന്ധിതമായി പ്രാബല്യത്തില്‍ വരുത്താന്‍ കോടതി ജൂലൈ 18നു ബിസിസിഐയോട് ഉത്തരവിട്ടു.

എന്നാല്‍ സെപ്റ്റംബര്‍ 28 നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ബിസിസിഐ നടപ്പാക്കുന്നില്ലെന്നു ലോധ കമ്മിറ്റി കോടതിയെ അറിയിക്കുകയും ഇതുകൊണ്ട് ബിസിസിഐയുടെ ഭാരവാഹികളെ ഉടനെ മാറ്റുവാനും ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു സുപ്രീംകോടതി നയം വ്യക്തമാക്കാന്‍ ബിസിസിഐയ്ക്ക് ഒരാഴ്ച സമയം കൊടുത്തത്.

ഒക്ടോബര്‍ ഒന്നിന് ലോധ കമ്മിറ്റി “പ്രധാന നിര്‍ദേശങ്ങള്‍” പാലിക്കാന്‍ ഒരുക്കമാണെന്ന് ബിസിസിഐ വ്യക്തമാക്കി. പക്ഷെ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കണം എന്ന് പ്രത്യേകം വ്യക്തമാക്കിയ സുപ്രീംകോടതി ഈ വാദം സ്വീകരിക്കുമോയെന്നു കണ്ടറിയണം. ഇത് കൂടാതെ ജൂലൈ 18ലെ സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സെപ്റ്റംബര്‍ 27നു ബിസിസിഐ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ കോടതി സ്വീകരിച്ചിട്ടില്ല.

സെപ്റ്റംബര്‍ 30 നു സംസ്ഥാനതലത്തിലുള്ള ക്രിക്കറ്റ് ബോര്‍ഡുകളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം കൈമാറാന്‍ ബിസിസിഐ എടുത്ത തീരുമാനം കോടതി തീരുമാനിക്കും വരെ നടപ്പാക്കാന്‍ പാടില്ലാന്നു തിങ്കളാഴ്ച ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍ക്കി. ഈ നിര്‍ദേശത്തിന്‍റെ പുറത്ത് യെസ് ബാങ്ക് ബിസിസിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പണമില്ലാതെ ന്യൂസിലണ്ട് ക്രിക്കറ്റ് സീരീസ് തുടരാന്‍ പറ്റില്ലെന്ന് ബിസിസിഐ പത്രമാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ നിര്‍ദേശം ദൈനംദിന കാര്യങ്ങളെ ബാധിക്കുന്നതല്ലെന്നു ലോധ കമ്മിറ്റി ഉടനെ വ്യക്തമാക്കി. തുടര്‍ന്ന് ബാങ്ക് അക്കൌണ്ട് മരവിപ്പിക്കേണ്ടത്തില്ലെന്ന് കമ്മിറ്റി യെസ് ബാങ്കിന് നിര്‍ദേശം കൊടുക്കുകയും ചെയ്തു.

ലോധ കമ്മിറ്റിയുടെ “മുഖ്യ നിര്‍ദേശങ്ങള്‍” അംഗീകരിച്ചെന്നു ബിസിസിഐ അവകാശപ്പെടുന്നുണ്ടെങ്കിലും പല വിഷയങ്ങളിലും ഇപ്പോഴും സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ ഇവയാണ്-

  • ഒരു സംസ്ഥാനത്തിനു ഒരു വോട്ട്- നിലവില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും മൂന്ന് വീതം ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ട്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കുന്നത്തിലൂടെ മൂന്ന് അസോസിയേഷനും “റോട്ടെഷണല്‍” വിധത്തില്‍ ഓരോ വോട്ട് ആണ് കിട്ടുക. ഈ നിര്‍ദേശത്തിനെതിരെ മുംബൈ അസോസിയേഷന്‍ സ്വന്തം നിലയിലും കേസ് കൊടുത്തിട്ടുണ്ട്. നിലവില്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ നിയമപരവും പ്രാവര്‍ത്തികവുമായ തടസ്സങ്ങള്‍ ഉണ്ടെന്നാണ് ബിസിസിഐ നിലപാട്.
  • സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നവര്‍ക്ക് അയോഗ്യത- ഈ വിഷയത്തിലും ബിസിസിഐ സമ്മതം പ്രകടിപ്പിച്ചിട്ടില്ല.
  • ഭാരവാഹിത്വം 70വയസ്സ് വരെ- സംസ്ഥാനതലത്തിലടക്കം പ്രാവര്‍ത്തികമാക്കാന്‍ ആവിശ്യപ്പെട്ടിട്ടുള്ള ഈ നിര്‍ദേശം പ്രബല്യത്തില്‍ വന്നാല്‍ എന്‍. ശ്രീനിവാസനും ശരദ് പവാറിനും സ്ഥാനം ഒഴിയേണ്ടി വരും. ബിസിസിഐ ഈ കാര്യത്തിലും സമ്മതം പ്രകടിപ്പിച്ചിട്ടില്ല.
  • CAG പ്രതിനിധി- ബോര്‍ഡില്‍ CAG പ്രതിനിധിയെ വെക്കാനുള്ള തീരുമാനത്തെ ബിസിസിഐ സ്വാഗതം ചെയ്തിട്ടുണ്ട്.
  • അപെക്സ് കൗണ്‍സില്‍- ഈ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചെങ്കിലും കൗണ്‍സിലിലെ അംഗങ്ങളുടെ കാര്യത്തില്‍ സമവായത്തില്‍ എത്തിയിട്ടില്ല.
  • കളിക്കാരുടെ അസോസിയേഷന്‍- ഇതിനു ബിസിസഐ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ പ്രസിഡന്റ് പദവിയുടെ കാലാവധി രണ്ടു കൊല്ലമായി ചുരുക്കാനും ഐപിലിന് സ്വതന്ത്രമായൊരു സംഘടന ഉണ്ടാക്കാനും ഒരു വ്യക്തിക്ക് ഒരു പദവിയായി ചുരുക്കാനും ലോധ നിര്‍ദേശിച്ചിട്ടുണ്ട്. ഐപിഎല്ലും ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഇടയില്‍ 15 ദിവസത്തെ ഒഴിവ് വെക്കാനും ലോധ കമ്മിറ്റി നിര്‍ദേശിക്കുന്നു.

എന്നാല്‍ കോടതി ശരിവെച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ചിലത് മാത്രം നടപ്പിലാക്കുന്നത് സമ്മതിക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നു നാളെ കോടതിയില്‍ ബിസിസിഐ പറഞ്ഞാല്‍ അത് ചിലപ്പോള്‍ കോടതിയലക്ഷ്യത്തിനു വരെ കാരണമായേക്കാം. നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചാല്‍ ബിസിസിഐയില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കമിടും.

Advertisement