കൂടുതല്‍ വ്യക്തതയെത്തി, ഡേ നൈറ്റ് ടെസ്റ്റിനു ബിസിസിഐ അനുമതി

ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആയിരിക്കുമെന്ന് ഉറപ്പ് നല്‍കി ബിസിസിഐ. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നുവെങ്കിലും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് ഇതിനെതിരെയുള്ള അഭിപ്രായമായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്റിനോട് അഭിപ്രായം ആരായാതെ ബിസിസിഐ ഇത്തരം തീരുമാനത്തിലെത്തുവാന്‍ പാടില്ലായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇത് കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും മതിയായ തയ്യാറെടുപ്പില്ലാതെ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങരുതെന്നാണ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്ത നല്‍കുകയാണ്. ടീം മാനേജ്മെന്റിനോട് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഹൈദ്രാബാദിലോ രാജ്കോട്ടിലോ ഏതെങ്കിലും ഒരു വേദിയിലെ മത്സരം ഡേ നൈറ്റ് രൂപത്തിലായിരിക്കുമെന്നും ബിസിസിഐ ഉറപ്പ് നല്‍കുകയാണ്. മത്സര തീയ്യതികള്‍ ബിസിസിഐ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial