
തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ അമാന്തം കാണിക്കുക വഴി ബിസിസിഐ സിഒഎയ്ക്കെതിരെ ഗൂഡാലോചനയില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് സംശയിക്കാതെ തരമില്ലെന്ന് അറിയിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. ഇത് സുപ്രീം കോടതിയുടെ വിധിയെ അട്ടിമറിയ്ക്കുവാനുള്ള ശ്രമമായി മാത്രമേ കാണുവാനാകൂ എന്നും സിഒഎ അറിയിച്ചു. ജൂണ്‍ 22നു ഡല്‍ഹിയില്‍ പ്രത്യേക ജനറല്‍ മീറ്റിംഗുമായി മുന്നോട്ട് പോകുവാനുള്ള ബിസിസിഐ തീരുമാനം ഇതിനു സാക്ഷ്യപത്രമാണെന്നാണ് സിഒഎയുടെ ഭാഷ്യം.
കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ബിസിസിഐ അധികാരികള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു എന്ന സുപ്രീം കോടതിയുടെ വിധിയെ മറികടക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്. സിഒഎ എടുത്ത തീരുമാനങ്ങളെ പൊതു യോഗത്തില്‍ അവതരിപ്പിച്ച് അത് തള്ളിക്കളയുവാനുള്ള ബിസിസിഐയുടെ ശ്രമങ്ങളായി മാത്രമേ ഇതിനെക്കാണാനാകൂ. ഇതെല്ലാം കാണിച്ച് സിഒഎ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയ്ക്ക് കത്തയയ്ക്കുകയുണ്ടായി.
പൊതുയോഗത്തിനുള്ള നോട്ടീസ് പുറത്തിറക്കുമ്പോള്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്സിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്നിരിക്കെ അതിനായി യാതൊരു വിധ ശ്രമവും ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial