ഷമിയോട് ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഫിറ്റ്നെസ് നേടുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

- Advertisement -

ഫിറ്റ്നെസ് ടെസ്റ്റ് പാസ്സാകാതെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷാമിയോട് മാനസികമായും ശാരീരികമായും പര്യടനത്തിനായി തയ്യാറെടുക്കുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. രണ്ട് മാസത്തില്‍ താഴെ മാത്രമേ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷിക്കുന്നുള്ളുവെന്നത് പരിഗണിക്കുമ്പോള്‍ എത്രയും വേഗം ഷമി തന്റെ ഫിറ്റ്നെസ് തെളിയിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നാണ് ടീം മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

താരത്തിന്റെ കഴിവുകളെക്കുറിച്ച് യാതൊരുവിധ സംശയവുമില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ മാനസികമായും ശാരീരികമായും താരം മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. വ്യക്തിപരമായ കാരണങ്ങള്‍ താരത്തെ ഏറെ അലട്ടുന്നുണ്ടെന്നാണ് അറിയുന്നത്. മുഹമ്മദ് ഷമി ഐപിഎല്‍ സമയത്ത് ഡല്‍ഹിയോടൊപ്പവും പരിശീലനങ്ങളില്‍ സജീവമായിരുന്നില്ല. വ്യക്തിഗത പ്രശ്നങ്ങള്‍ കാരണം താരത്തോട് ഇടവേളയെടുക്കുവാന്‍ ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു.

ഇംഗ്ലണ്ട് ടൂറിനു മുമ്പ് ഷമിയുടെ ആത്മവിശ്വാസത്തെ ഉണര്‍ത്തുക എന്നതാണ് ബിസിസിഐയുടെ മുന്നിലെ ആദ്യ ചുമതല. അതിനായി പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാം ബിസിസിഐയും ടീം മാനേജ്മെന്റും ചേര്‍ന്ന് തയ്യാറാക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement