ക്രിക്കറ്റിലും നോട്ടീസ് പിരീഡ്

ഹതുരുസിംഗയോട് മൂന്ന് മാസം കഴിഞ്ഞ് പുതിയ ദൗത്യം ഏറ്റെടുക്കാമെന്ന് ബംഗ്ലാദേശ്

- Advertisement -

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതല ഏറ്റെടുക്കുവാന്‍ പോകുന്ന ചന്ദിക ഹതുരുസിംഗയോട് മൂന്ന് മാസം നോട്ടീസ് പിരീഡ് പാലിച്ച ശേഷം പോകാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് തങ്ങളുടെ നിലവിലെ കോച്ചിനോട് തീരുമാനം പുനപരിശോധിക്കുവാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും കരാര്‍ പ്രകാരമുള്ള നടപടികള്‍ പാലിച്ച് വിട വാങ്ങുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് തിലംഗ സുമതിപാല ബിസിബി ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനു ഹതുരുസിംഗയേ കോച്ചായി നിയമിക്കുന്നതിന്റെ സാധുതകള്‍ ആരാഞ്ഞ് കത്തെഴുതിയിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ബോര്‍ഡും ഹതുരുസിംഗേയുമായുള്ള കരാര്‍ പ്രകാരം യഥാര്‍ത്ഥ കാലാവധിയ്ക്ക് മുമ്പ് എന്ന് കരാര്‍ അവസാനിപ്പിക്കുവാന്‍ കോച്ച് തീരുമാനിച്ചാലും മൂന്ന് മാസം നോട്ടീസ് പിരീഡ് പാലിച്ച ശേഷം മാത്രമേ വിടവാങ്ങുവാനാവൂ എന്ന നിയമം ഉണ്ട്.

2019 ലോകകപ്പ് വരെയാണ് ബംഗ്ലാദേശ് കോച്ചായി ചന്ദിക ഹതുരുസിംഗയുടെ കരാര്‍. ഒക്ടോബര്‍ 15നു രാജിക്കത്ത് നല്‍കിയ ഹതുരുരസിംഗേയ്ക്ക് കരാര്‍ പ്രകാരം ജനുവരി 15നു മുമ്പ് മറ്റൊരു ടീമിനോടൊപ്പവും ചുമതല ഏല്‍ക്കുവാന്‍ സാധിക്കില്ല. ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തിനു മുമ്പ് ശ്രീലങ്കന്‍ ടീമിന്റെ കോച്ചായി ചുമതല ഏല്‍ക്കുക എന്ന ലക്ഷ്യത്തിനാണ് നിലവില്‍ തിരിച്ചടി ഏറ്റിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement