തീരുമാനം പുനഃപരിശോധിക്കുവാന്‍ മൊര്‍തസയോട് ആവശ്യപ്പെടാന്‍ ബോര്‍ഡ് ഒരുങ്ങുന്നു

തന്റെ ടി20 വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുവാന്‍ മഷ്റഫേ മൊര്‍തസയോട് ആവശ്യപ്പെടുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ 13 മത്സരങ്ങളില്‍ വെറും ഒരെണ്ണം മാത്രമാണ് ടി20യില്‍ ബംഗ്ലാദേശ് വിജയിച്ചത്. മൊര്‍തസയുടെ വിരമിക്കല്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ബംഗ്ലാദേശിന്റെ അവസാന വിജയം. അതിനു ശേഷം 12 മത്സരങ്ങളിലും ജയമെന്തെന്ന് അറിയുവാന്‍ ബംഗ്ലാദേശിനു സാധിച്ചിട്ടില്ല.

യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കുവാന്‍ വേണ്ടിയാണ് മൊര്‍തസ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി20യിലൂടെ യുവ താരങ്ങള്‍ക്ക് വളരുവാനുള്ള അവസരവും അതുവഴി ടെസ്റ്റ് ഏകദിന ടീമുകളില്‍ സ്ഥാനം പിടിക്കുവാനും ഉപകാരപ്രദമാകുവാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ തീരുമാനം.

ബോര്‍ഡ് മീറ്റിംഗ് കൂടി മൊര്‍തസയോട് ആവശ്യം ഉന്നയിക്കുവാനുള്ള തീരുമാനമെടുത്തുവെങ്കിലും താരത്തിന്റെ സമ്മതവും ആഗ്രഹവുമുണ്ടെങ്കില്‍ മാത്രമേ ഈ നീക്കം വിജയമാവുകയുള്ളു. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുകയാണ് മൊര്‍തസയുടെ മുന്‍ഗണന എന്നാണറിയുവാന്‍ കഴിയുന്നത്. നിദാഹസ് ട്രോഫിയില്‍ ബംഗ്ലാദേശിനു വേണ്ടി കളിക്കുവാന്‍ ആവശ്യപ്പെടുവാനാണ് ഇപ്പോള്‍ ബോര്‍ഡിന്റെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial