ബാറ്റിംഗ് കണ്‍സള്‍ട്ടന്റിന് പിന്നാലെ സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ച് ബംഗ്ലാദേശ്

ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോണ്‍ ലൂയിസിനെ നിയമിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വിന്‍ഡീസ് പരമ്പരയ്ക്കായുള്ള സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു. ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക കോച്ച് സൊഹേല്‍ ഇസ്ലാമിനെയാണ് നിയമിച്ചത്. വെട്ടോറി ബംഗ്ലാദേശിന്റെ വിന്‍ഡീസ് പരമ്പരയ്ക്ക് ലഭ്യമാകില്ല എന്ന് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.

ന്യൂസിലാണ്ടിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് വെട്ടോറിയെ ടീമിനൊപ്പം ചേരുന്നതില്‍ നിന്ന് തടഞ്ഞത്. ബംഗ്ലാദേശ് മാര്‍ച്ചില്‍ ന്യൂസിലാണ്ടില്‍ പര്യടനം നടത്തുമ്പോള്‍ ടീമിനൊപ്പം വെട്ടോറിയും ചേരും. വെട്ടോറിയ്ക്ക് ടീമിനൊപ്പം ചേരുവാന്‍ താല്പര്യമുണ്ടായെങ്കിലും അദ്ദേഹം തിരികെ ന്യൂസിലാണ്ടിലേക്ക് മടങ്ങുമ്പോള്‍ നേരിടേണ്ട കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് വെട്ടോറിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ബിസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ അഭിപ്രായം രേഖപ്പെടുത്തി.

ബംഗ്ലാദേശ് അണ്ടര്‍ 17 സ്ക്വാഡിന്റെ മുഖ്യ കോച്ചായാണ് ഇപ്പോള്‍ സൊഹേല്‍ പ്രവര്‍ത്തിക്കുന്നത്. തൈജുല്‍ ഇസ്ലാം, നയീം ഹസന്‍, മെഹ്ദി ഹസന്‍ എന്നിങ്ങനെയുള്ള ബംഗ്ലാദേശ് സ്പിന്നര്‍മാരുടെ മെന്ററെന്ന നിലയില്‍ അറിയപ്പെടുന്ന രാജ്യത്തെ മികച്ച സ്പിന്‍ ബൗളിംഗ് കോച്ചാണ് സൊഹേല്‍ ഇസ്ലാം.

Exit mobile version