ബാറ്റിംഗ് തീരുമാനം ടീമിനു തിരിച്ചടിയായി: ലാറ

തിരുവനന്തപുരത്തിലെ അഞ്ചാം ഏകദിനത്തില്‍ ടീമിനു ടോസില്‍ തന്നെ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ട് ബ്രയന്‍ ലാറ. ടോസ് നേടി വിന്‍ഡീസ് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. പരമ്പരയില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലും പിന്നോട്ട് പോയ വിന്‍ഡീസ് 1-3 എന്ന നിലയിലാണ് പരാജയം ഏറ്റുവാങ്ങിയത്.

സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച വിന്‍ഡീസ് 104 റണ്‍സിനു 32 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 15 ഓവറിനുള്ളില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു. 57/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീം പിന്നീട് മത്സരത്തില്‍ കരകയറിയതെയില്ല. വിക്കറ്റ് ഡ്രൈയും സ്റ്റിക്കിയും ആയിരുന്നുവെന്ന് പറഞ്ഞ ലാറ ടീം ബൗളിംഗായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായപ്പെട്ടു.

വൈകുന്നേരം ഡ്യൂ ഘടകം കൂടി വരുമെന്നിരിക്കെ രണ്ടാം പകുതിയില്‍ ഇന്ത്യയെ ബൗളിംഗിനു വിട്ടിരുന്നുവെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമാകുമായിരുന്നു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സാഹചര്യം എന്താണെങ്കിലും വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നുള്ള ഉപദേശം കൂടി ലാറ നല്‍കി. പരമ്പരയില്‍ പൂനെയില്‍ വിന്‍ഡീസ് ജയിച്ചത് ആദ്യം ബാറ്റ് ചെയ്തിട്ടാണെങ്കിലും കൂറ്റന്‍ സ്കോര്‍ നേടാനായില്ലെങ്കില്‍ ഇന്ത്യയുടെ കരുത്താര്‍ന്ന ബാറ്റിംഗ് നിര ഇത് അനായാസം മറികടക്കുമെന്ന് ഉറപ്പാണെന്നും ലാറ തന്റെ വാദത്തെ ശരിവയ്ക്കുന്നതിനായി പറഞ്ഞു.

Exit mobile version