
ന്യൂസിലാണ്ടിനെതിരെയുള്ള അവസാന ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. ന്യൂസിലാണ്ട് ഉയര്‍ത്തിയ ആദ്യ ഇന്നിംഗ്സ് സ്കോറായ 271 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാനു വേണ്ടി ബാബര്‍ ആസം അസാദ് ഷഫീക് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
നേരത്തെ ആദ്യ ദിവസത്തെ സ്കോറായ 77/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് ജീത് റാവല്‍(55) റോസ് ടെയിലര്‍(37) കോളിന് ഡി ഗ്രാന്‍ഡോം(37) ബിജെ വാട്ളിംഗ്(49*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ് നേടുകയായിരുന്നു. ന്യൂസിലാണ്ട് വാലറ്റവും ഇവര്‍ക്ക് മികച്ച പിന്തുണ നല്കി.
37 റണ്‍സെടുത്ത റോസ് ടെയിലറെയാണ് ന്യൂസിലാണ്ടിനു ആദ്യം നഷ്ടമായത്. ഏറെ വൈകാതെ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ച ജീത് റാവലിനെ ഇമ്രാന് ഖാന് പുറത്താക്കി. 13 റണ്‍സെടുത്ത ഹെന്റി നിക്കോളസ് പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 119/5. ആറാം വിക്കറ്റില്‍ ഗ്രാന്‍ഡോമും വാട്ളിംഗും ചേര്‍ന്ന് നേടി 51 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലാണ്ടിനെ എത്തിച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു വാട്ളിംഗ്. പാക്കിസ്ഥാനു വേണ്ടി സൊഹൈല്‍ ഖാന് 4 വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന് ഖാന് മൂന്നും മുഹമ്മദ് അമീര്‍ രണ്ടും വിക്കറ്റുകള്‍ നേടി. വഹാബ് റിയാസിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് ലഭിച്ചത്. ആദ്യ ദിവസത്തെ പോലെതന്നെ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് പാക്കിസ്ഥാനു വിനയായത്.
വിക്കറ്റുകള്‍ കൃത്യമായി വീഴ്ത്തി പാക് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയാണ് കീവി പേസ് ബൗളര്‍മാര്‍ പാക്കിസ്ഥാന് ബാറ്റ്സ്മാന്മാരെ വരവേറ്റത്. 51/5 എന്ന നിലയിലേക്ക് തകര്‍ന്ന പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം പുറത്താകാതെ 34 റണ്‍സുമായി ക്രീസിലുണ്ട്. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദാണ് ബാബറിനു കൂട്ടായുള്ളത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന് 76/5 എന്ന നിലയിലാണ്.
ന്യൂസിലാണ്ടിനു വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റും നീല്‍ വാഗ്നര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.