ബേസില്‍ തമ്പിയ്ക്ക് മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം

- Advertisement -

ന്യൂസിലാണ്ട് എയെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ പരാജയപ്പെടുത്തി ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തില്‍ 3 വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 173 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 32.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം ബേസില്‍ തമ്പി 3 വിക്കറ്റ് നേടി ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

ടോസ് നേടിയ ന്യൂസിലാണ്ട് എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ജോര്‍ജ്ജ് വര്‍ക്കറും(39) ക്യാപ്റ്റന്‍ ഹെന്‍റി നിക്കോളസും(42) തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 44.2 ഓവറില്‍ 173 റണ്‍സിനു അവസാനിച്ചു.

ഇന്ത്യയ്ക്കായി ബേസില്‍ തമ്പിയ്ക്ക് പുറമേ മുഹമ്മദ് സിറാജും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കരണ്‍ ശര്‍മ്മയും ശര്‍ദ്ധുല്‍ താക്കൂറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.  6 ഓവര്‍ എറിഞ്ഞ ബേസില്‍ 19 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് 3 വിക്കറ്റുകള്‍ നേടിയത്. മത്സരത്തിന്റെ 24ാം ഓവറിലാണ് ബേസില്‍ 3 വിക്കറ്റുകളും സ്വന്തമാക്കിയത്.

ചെറിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്കും തകര്‍ച്ചയായിരുന്നു ഫലം. 30/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ അഭിമന്യൂ ഈശ്വരന്‍ മാത്രമാണ് തിളങ്ങിയത്. 49 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഇന്ത്യ 90/6 എന്ന നിലയിലായിരുന്നു. പിന്നീട് കരണ്‍ ശര്‍മ്മയും(38*) ശര്‍ദ്ധുല്‍ താക്കൂറും(40) ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചത്. താക്കൂര്‍ പുറത്തായെങ്കിലും ഷഹ്ബാസ് നദീമിനെ(7*) കൂട്ടുപിടിച്ച് കരണ്‍ ശര്‍മ്മ ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ലോക്കി ഫെര്‍ഗൂസണ്‍ മൂന്നും സ്കോട്ട് കഗ്ഗെലൈന്‍ രണ്ടും വിക്കറ്റ് ന്യൂസിലാണ്ടിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement