വെള്ളയണിഞ്ഞ കടുവക്കൂട്ടം

Courtesy : ICC
- Advertisement -

മാൻ ഒാഫ് ദ മാച്ച്, മാൻ ഒാഫ് ദ സീരീസ് എന്നീ അവാർഡുകൾ കൈപ്പറ്റിയതിനുശേഷം 19കാരനായ മെഹ്ദി ഹസൻ ഒരു അഭിമുഖത്തിനു വേണ്ടി മൈക്കൽ ആതർട്ടൻ്റെ സമീപമെത്തി. ഇംഗ്ലിഷിലുള്ള ആതേര്‍ട്ടന്റെ ചോദ്യങ്ങൾക്കു മുന്നിൽ അയാൾ ശരിക്കും പതറി. ആ മത്സരത്തിൽ ഹസൻ ബുദ്ധിമുട്ടിയ ഏക അവസരവും അതു തന്നെയായിരിക്കണം.

അതിൽ അൽപം പോലും നാണക്കേടിനു വകയില്ല. ഹസൻ വന്നത് ക്രിക്കറ്റ് കളിക്കാനാണ്; ഇംഗ്ലിഷ് സംസാരിക്കാനല്ല. ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ഹസനു മുമ്പിൽ ചൂളിപ്പോയതു പരിഗണിക്കുമ്പോൾ അതെല്ലാം എത്രയോ നിസ്സാരം!

ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ഒരു ടെസ്റ്റ് മാച്ചിൽ പരാജയപ്പെടുത്തിയിരിക്കുന്നു! അതെ,നിങ്ങൾ വായിച്ചത് സത്യമാണ്. 273 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് കേവലം 164 റൺസിന് കൂടാരം കയറി. അതും വിക്കറ്റ് നഷ്ടപ്പെടാതെ 100 റണ്ണുകൾ എടുത്തശേഷം. ആദ്യമായിട്ടാണ് ഒരു മുൻനിര ടീമിനെ കടുവകൾ വെള്ളക്കുപ്പായത്തിൽ പരാജയപ്പെടുത്തുന്നത്­.

പരിഹാസത്തോടെയും അവജ്ഞയോടെയും മാത്രം സകലരും നോക്കിക്കണ്ട ഒരു ടീമാണ് ബംഗ്ലാദേശ്. ഇങ്ങനെയൊരു ജയത്തിനുവേണ്ടി ആ ജനത കാത്തിരുന്നത് 16 വർഷങ്ങളാണ്! ഓരോ തവണ പരാജയപ്പെടുമ്പോഴും ബംഗ്ലാദേശികൾ കൂടുതൽ കരുത്തോടെ സ്വന്തം ടീമിനെ അണച്ചുപിടിച്ചു. ശരിയാണ്, ചില ബംഗ്ലാദേശ് ആരാധകർ സോഷ്യൽ മീഡിയകളിലൂടെ വെറുപ്പിക്കാറുണ്ട്. പ­ക്ഷേ നാം ചില ചോദ്യങ്ങൾ സ്വയം ചോദിക്കണം.

എല്ലാ ഇന്ത്യൻ ആരാധകരും മാന്യൻമാരാണോ?

ആണ്ടിനോ സംക്രാന്തിയ്ക്കോ മാത്രം ജയിക്കുന്ന ഒരു ടീമായിരുന്നു ഇന്ത്യയുടേതെങ്കിൽ നാം അവരെ ഇത്രയേറെ പിന്തുണയ്ക്കുമായിരുന്നോ?

ബംഗ്ലാദേശിൽ ക്രിക്കറ്റ് ഒരു വികാരമാണ്. അവർക്കീ കളി ജീവവായുവാണ്. ടീമിനോട്­ ഏറ്റവും കൂറുള്ളവരാണ് അവർ. ആർക്കും ഇതൊന്നും നിഷേധിക്കാനാവില്ല. ആ ജനതയ്ക്കുള്ള പ്രതിഫലമാണ് ഈ വിജയം.

2015 ലോകകപ്പിനു ശേഷം ഏകദിനക്രിക്കറ്റിൽ ബംഗ്ലാദേശ് അസൂയാവഹമായ പുരോഗതി കൈവരിച്ചിരുന്നു. ഇപ്പോൾ അവർ ടെസ്റ്റ് ക്രിക്കറ്റിലും പിടിമുറുക്കുന്നു. ഇന്നത്തെ വിജയം ഒരു ഒറ്റപ്പെട്ട സംഭവമാവില്ല. ഭാവിയിൽ ഒരു ടീമും ബംഗ്ലാദേശിനെ നിസ്സാരരായി കണ്ട് ആ മണ്ണിൽ കാലുകുത്തില്ല.

പ്രതിഭകൾ പണ്ടും ബംഗ്ലാദേശിൽ ഉണ്ടായിരുന്നു. ഇല്ലാതിരുന്നത് ആത്മവിശ്വാസമാണ്. വമ്പ­ൻമാരെ കീഴടക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം. ആ കുറവും അവർ പരിഹരിച്ചുകഴിഞ്ഞു. വള­രെ വേഗത്തിൽ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയിക്കൊണ്ടിരുന്ന ഈ ടെസ്റ്റ് മാച്ച് തിരിച്ചുപിടിച്ച രീതി മാത്രം മതി അത് മനസ്സിലാക്കാൻ.

മെഹദി ഹസൻ, മുസ്താഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ് തുടങ്ങിയ പുത്തൻ ബൗളിംഗ് താരോദയങ്ങൾ.

മഹ്മുദുള്ള, സബീർ റഹ്മാൻ തുടങ്ങിയ ബാറ്റിംഗ് വാഗ്ദാനങ്ങൾ.

പരിചയസമ്പന്നരായ മുഷ്ഫിഖുർ റഹീമും തമീം ഇക്ബാലും.

ഷക്കീബ് അൽ ഹസൻ എന്ന ലോകോത്തര ഒാൾറൗണ്ടർ.

ബംഗ്ലാദേശിൻ്റെ ഭാവി സുരക്ഷിതമാണ്. ക്രിക്ക­റ്റിനെ സ്നേഹിക്കുന്ന സകലരും ഈ മാറ്റത്തിൽ സന്തുഷ്ടരുമായിരിക്കും.

Advertisement