സുശക്തം ലങ്ക

- Advertisement -

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ശക്തമായ നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ 494 റണ്‍സിനു ഓള്‍ഔട്ട് ആയ ലങ്കയ്ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് 133/2 എന്ന നിലയിലാണ്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും കളി അവസാനിക്കാറായപ്പോള്‍ തുടരെ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ബംഗ്ലാദേശിനു വിനയായി. ശ്രീലങ്കയെക്കാള്‍ 361 റണ്‍സിനു പിറകിലാണ് ബംഗ്ലാദേശ്.

നേരത്തെ 321/4 എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച ശ്രീലങ്ക 494 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കുശല്‍ മെന്‍ഡിസിനു ഇരട്ട ശതകം 6 റണ്‍സ് അകലെ വെച്ച് നഷ്ടമായി. 194 റണ്‍സ് നേടിയ കുശല്‍ പുറത്താകുമ്പോള്‍ ശ്രീലങ്ക 398 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. നിരോഷന്‍ ഡിക്വെല്ല(75), ദില്‍രുവന്‍ പെരേര(51) എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. മെഹ്ദി ഹസന്‍ നാല് വിക്കറ്റുമായി ബംഗ്ലാദേശ് ബൗളിംഗ് നിരയെ നയിച്ചു. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും ടാസ്കിന്‍ അഹമ്മദ് , സുഭാഷിഷ് റോയ്, ശാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സ്വപ്ന സമാനമായ തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. നൂറു റണ്‍സ് കൂട്ടുകെട്ട് കടന്ന ഓപ്പണിംഗ് സഖ്യം ശ്രീലങ്കയ്ക്ക് ശക്തമായ മറുപടിയാണ് നല്‍കിയത്. എന്നാല്‍ റണ്‍ഔട്ട് രൂപത്തില്‍ തമീം ഇക്ബാല്‍ പുറത്തായതോടു കൂടി ബംഗ്ലാദേശിനു ആദ്യ വിക്കറ്റ് നഷ്ടമായി. 57 റണ്‍സാണ് തമീം നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം മോമിനുള്‍ ഹക്കിനെ ദില്‍രുവന്‍ പെരേര പുറത്താക്കി സന്ദര്‍ശകര്‍ക്ക് രണ്ടാം പ്രഹരം നല്‍കി. കളി അവസാനിക്കുമ്പോള്‍ 66 റണ്‍സുമായി സൗമ്യ സര്‍ക്കാര്‍, 1 റണ്ണുമായി നായകന്‍ മുഷ്ഫികുര്‍ റഹിം എന്നിവരാണ് ക്രീസില്‍.

Advertisement