
ശ്രീലങ്ക നേടിയ കൂറ്റന്‍ സ്കോറിനെ അതേ നാണയത്തില്‍ മറുപടി നല്കി വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. നിദാഹസ് ട്രോഫിയില്‍ ആതിഥേയരായ ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ റണ്‍ മഴയാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 214 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
72 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ വിജയ ശില്പിയായത്. 214 റണ്‍സ് എന്ന വലിയ ലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിനു വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 19 പന്തില്‍ 43 റണ്‍സ് നേടി ലിറ്റണ്‍ ദാസ് അഞ്ച് സിക്സാണ് തന്റെ ചെറിയ ഇന്നിംഗ്സില്‍ നേടിയത്. ഒപ്പം തമീം ഇക്ബാലും 47 റണ്‍സുമായി അതിവേഗം സ്കോറിംഗ് നടത്തി. 5.5 ഓവറില്‍ 74 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റ് നേടിയത്. തമീം ഇക്ബാല്‍ പുറത്താകുമ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 100.
മൂന്നാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാരുമായി(24) 50 റണ്‍സ് കൂട്ടുകെട്ട് നേടിയ റഹീമിനു കൂട്ടായി എത്തിയ മഹമ്മദുള്ള 11 പന്തില്‍ 20 റണ്‍സ് നേടി പുറത്തായി. സബ്ബിര്‍ റഹ്മാന് പൂജ്യം റണ്‍സിനു റണ്‍ഔട്ടായപ്പോള്‍ ബംഗ്ലാദേശ് ക്യാമ്പ് പരിഭ്രാന്തിയിലായെങ്കിലും സമചിത്തതയോടെ ബാറ്റ് വീശിയ റഹിം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
4 സിക്സും 5 ബൗണ്ടറിയും സഹിതം 35 പന്തില്‍ നിന്നാണ് തന്റെ 72 റണ്‍സ് മുഷ്ഫിക്കുര്‍ റഹിം നേടിയത്. ശ്രീലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപ് 2 വിക്കറ്റും തിസാര പെരേര ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുശല്‍ പെരേര(48 പന്തില്‍ 74), കുശല്‍ മെന്‍ഡിസ്(30 പന്തില്‍ 57), ഉപുല്‍ തരംഗ(പുറത്താകാതെ 15 പന്തില്‍ 32) എന്നിവര്‍ ചേര്‍ന്നാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മുസ്തഫിസുര്‍ റഹ്മാന് മൂന്നും മഹമ്മദുള്ള രണ്ടും വിക്കറ്റാണ് ബംഗ്ലാദേശിനായി നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial