മഹ്മദുല്ല മാജിക്കിൽ ശ്രീലങ്കയെ മറികടന്ന് ബംഗ്ലാദേശ് ഫൈനലിൽ

- Advertisement -

അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മഹ്മദുല്ലയുടെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ ശ്രീലങ്കയെ 2 വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് നിദാഹസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു.  വെറും 18 പന്തിൽ നിന്ന് 43 റൺസ് എടുത്ത മഹ്മദുല്ലയാണ് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ  ബംഗ്ലാദേശിന്റെ രക്ഷക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് മാത്രം ശേഷിക്കെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ശ്രീലങ്കയെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 41 റൺസ് എടുക്കുന്നതിനിടെ അഞ്ച് ശ്രീലങ്കൻ ബാറ്റ്സ്മാൻമാരാണ് പുറത്തായത്. എന്നാൽ ആറാം വിക്കറ്റിൽ രണ്ടു പെരേരമാരും ചേർന്ന് നേടിയ 97 റൺസിന്റെ കൂട്ടുകെട്ട് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. കുശാൽ പെരേര 40 പന്തിൽ 61 റൺസ് എടുത്തപ്പോൾ തിസാര പെരേര 37 പന്തിൽ 58 റൺസ് എടുത്ത് മികച്ച പിന്തുണ നൽകി.

തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയിൽ ലിറ്റൻ ദാസ് പൂജ്യത്തിനു പുറത്തായെങ്കിലും തമിം ഇക്ബാലിന്റെ അർദ്ധ ശതകം സ്കോർ ഉയർത്തി.  42 പന്തിൽ 50 റൺസ് എടുത്ത തമിം ഇക്ബാൽ ഗുണതിലകക്ക് വിക്കറ്റ് നൽകുകയായിരുന്നു.  എന്നാൽ തുടർന്ന് വന്ന മുഷ്‌ഫിഖുർ റഹ്മാനും മഹ്മൂദുള്ളയും മാത്രമേ മികച്ച പ്രകടനം കാഴ്ചവെച്ചുള്ളു. അവസാന ഓവറിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ സിക്സ് നേടി മഹ്മൂദുള്ള ബംഗ്ലാദേശിന് വിജയം സമ്മാനിക്കുകയായിരുന്നു.

അതെ സമയം അവസാന ഓവറിൽ ഇരു ടീമിലെ കളിക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒരു വേള ബംഗ്ളദേശ് മത്സരം ബഹിഷ്കരിക്കുമെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്തു. പിന്നീട ഖാലിദ് മുഹമ്മദ് ഇടപെടുകയും മത്സരം തുടരുകയുമായിരുന്നു.

ഞായറഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement