അര്‍ദ്ധ ശതകം നേടി റിലീ റൂസോവ്, പിന്തുണയുമായി എബിഡി, റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. റിലീ റുസോവും എബി ഡി വില്ലിയേഴ്സും തിളങ്ങിയ മത്സരത്തില്‍ ടീം ആറ് വിക്കറ്റ് ജയത്തിലേക്ക് നീങ്ങുകയായിരുന്നു. ലക്ഷ്യമായ 142 റണ്‍സ് 18.4 ഓവറില്‍ മറികടന്നാണ് റൈഡേഴ്സ് പോയിന്റുകള്‍ സ്വന്തമാക്കിയത്. 55 റണ്‍സ് നേടിയ റിലീ റൂസോവിനു പിന്തുണയായി എബി ഡി വില്ലിയേഴ്സ് 37 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്ഷാഹി കിംഗ്സിനു 141 റണ്‍സാണ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടാനായത്. ലോറി ഇവാന്‍സ് റണ്‍സ് നേടിയപ്പോള്‍ ഖൈസ് അഹമ്മദ് 22 റണ്‍സ് നേടി. രംഗ്പൂറിനു വേണ്ടി ഫര്‍ഹദ് റീസ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി.

നാലോവര്‍, പത്ത് റണ്‍സ്, രണ്ട് വിക്കറ്റ്, അഫ്രീദിയുടെ മികവില്‍ കോമില്ല വിക്ടോറിയന്‍സ്

ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 7 വിക്കറ്റ് ജയവുമായി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗിനെ 116 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് മത്സരം 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിക്ടോറിയന്‍സ് വിജയിച്ചത്. മഴ മൂലം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുടെ ബൗളിംഗാണ് ചിറ്റഗോംഗിനെ വരിഞ്ഞു മുറുക്കിയത്.

4 ഓവറില്‍ 10 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയ്ക്കൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈനും 33 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ്ദുമാണ് ചിറ്റഗോംഗ് വൈക്കിംഗ്സിനു വേണ്ടി തിളങ്ങിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് 116 റണ്‍സ് ചിറ്റഗോംഗ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി തമീം ഇക്ബാല്‍ പുറത്താകാതെ 54 റണ്‍സും ഷംസൂര്‍ റഹ്മാന്‍ 36 റണ്‍സും നേടി വിജയം ഉറപ്പാക്കുകയായിരുന്നു. 16.4 ഓവറിലാണ് ടീമിന്റെ വിജയം. വൈക്കിംഗ്സിനു വേണ്ടി അബു ജയേദ് രണ്ട് വിക്കറ്റ് നേടി.

ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന് വിജയം കുറിച്ച് രംഗ്പൂര്‍ റൈഡേഴ്സ്

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് രംഗ്പൂര്‍ റൈഡേഴ്സ് വിജയത്തിലേക്ക് നീങ്ങിയത്. എബി ഡിവില്ലിയേഴ്സ്-അലക്സ് ഹെയില്‍സ് കൂട്ടുകെട്ട് നേടിയ 184 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറിലാണ് രംഗ്പൂര്‍ വിജയം കുറിച്ചത്.

50 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 6 സിക്സും നേടി തന്റെ ശതകം ഡി വില്ലിയേഴ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ 53 പന്തില്‍ നിന്ന് 85 റണ്‍സാണ് ഹെയില്‍സ് നേടിയത്. 8 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം നേടിയാണ് ഇംഗ്ലണ്ട് താരം പുറത്താകാതെ നിന്നത്. ആന്‍ഡ്രേ റസ്സലിനാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.

52 റണ്‍സുമായി റോണി താലുക്ദാര്‍ ധാക്കയുടെ ടോപ് സ്കോറര്‍ ആയി. 37 റണ്‍സുമായി പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ് ആണ് ധാക്കയുടെ മറ്റൊരു പ്രധാന സ്കോറര്‍. സുനില്‍ നരൈന്‍(28), ഹസ്രത്തുള്ള സാസായി(17), ഷാക്കിബ് അല്‍ ഹസന്‍(12 പന്തില്‍ 25) എന്നിവരും തിളങ്ങിയെങ്കിലും 186 റണ്‍സ് നേടുവാനെ ധാക്കയ്ക്ക് സാധിച്ചുള്ളു. രംഗ്പൂരിനു വേണ്ടി ഫര്‍ഹദ് റീസ രണ്ട് വിക്കറ്റ് നേടി.

കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക് ജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക് നേടിയ വഹാബ് റിയാസുമാണ് ടീമിന്റെ വിജയ ശില്പികള്‍. ആദ്യം ബാറ്റ് ചെയ്ത കോമില്ല 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടിയപ്പോള്‍ 18.5 ഓവറില്‍ ഖുല്‍ന ടൈറ്റന്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു.

49 പന്തില്‍ നിന്ന് 10 സിക്സും 5 ബൗണ്ടറിയും സഹിതം 109 റണ്‍സുമായി എവിന്‍ ലൂയിസ് പുറത്താകാതെ നിന്നപ്പോള്‍ തമീം ഇക്ബാല്‍(25), ഇമ്രുള്‍ കൈസ്(39), ഷംസുര്‍ റഹ്മാന്‍(28*) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. ഖുല്‍നയ്ക്കായി മഹമ്മദുള്ളയും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

ബൗളിംഗില്‍ ഹാട്രിക്ക് നേട്ടവുമായി വഹാബ് റിയാസും മൂന്ന് വിക്കറ്റ് നേടി ഷാഹിദ് അഫ്രീദിയുമാണ് കോമില്ലയ്ക്കായി തിളങ്ങിയത്. 50 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറാണ് ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. ജുനൈദ് സിദ്ദിക്കി 27 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 22 റണ്‍സും നേടി.

താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ തോല്‍വിയിലേക്ക് തള്ളി വിട്ടത്. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്താണ് ധാക്ക ഇപ്പോളും. അതേ സമയം ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ചിറ്റഗോംഗ് വൈക്കിംഗ്സും പത്ത് പോയിന്റുമായി ധാക്കയുടെ തൊട്ടുപുറകെയുണ്ട്.

ഇന്നലെ ഏഴ് റണ്‍സിന്റെ വിജയമാണ് കോമില്ല വിക്ടോറിയന്‍സ് ധാക്കയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 153/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 48 റണ്‍സ് നേടിയ ഷംസുര്‍ റഹ്മാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 34 റണ്‍സ് നേടിയ തമീം ഇക്ബാലിനൊപ്പം 2 പന്തില്‍ നിന്ന് 26 റണ്‍സ് നേടി തിസാര പെരേരയും നിര്‍ണ്ണായക പ്രകടനം നടത്തി. ധാക്കയ്ക്കായി ഷാക്കിബ് മൂന്ന് വിക്കറ്റും ആന്‍ഡ്രേ റസ്സല്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ധാക്കയ്കകായി 24 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ആന്‍ഡ്രേ റസ്സല്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും റസ്സലിന്റെയും മറ്റു താരങ്ങളുടെയും വിക്കറ്റ് നേടി തിസാര പെരേര മത്സര ഗതി മാറ്റുകയായിരുന്നു. തുടര്‍ ഓവറുകളില്‍ ഈ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ധാക്കയുടെ പ്രയാണത്തിനു തടസ്സം വരുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് മാത്രമേ ധാക്കയ്ക്ക് നേടാനായുള്ളു.

തിസാരയ്ക്ക് പുറമെ കണിശതയോടെ പന്തെറിഞ്ഞ ഷാഹിദ് അഫ്രീദിയും രണ്ട് വിക്കറ്റ് നേടി. ഷാക്കിബ്, സുനില്‍ നരൈന്‍ എന്നിവര്‍ 20 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ പോന്നതായിരുന്നില്ല ഈ സംഭാവനകള്‍.

രംഗ്പൂര്‍ ടോപ് ഓര്‍ഡര്‍ തിളങ്ങി, റണ്‍സുമായി ഗെയില്‍, എബിഡി, അലക്സ് ഹെയില്‍സ്, മികച്ച വിജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 181/6 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മൂന്ന് പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് രംഗ്പൂര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.

4 വിക്കറ്റ് നേടിയ ഫര്‍ഹദ് റീസയാണ് ഖുല്‍നയെ 181 റണ്‍സില്‍ ഒതുക്കുവാന്‍ റൈഡേഴ്സിനെ സഹായിച്ചത്. 48 റണ്‍സ് നേടിയ നസ്മുള്‍ ഹൊസൈന്‍ ഷാന്റോ ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(32), ഡേവിഡ് വീസെ(35) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. മഹമ്മദുള്ള 20 റണ്‍സ് നേടി.

ക്രിസ് ഗെയിലും അലക്സ് ഹെയില്‍സും 55 റണ്‍സ് വീതം നേടി ടോപ് ഓര്‍ഡറില്‍ തിളങ്ങിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സ് നേടിയത്. വെറും 29 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഹെയില്‍സ് വിടവാങ്ങിയ ശേഷം ഗെയിലിനു കൂട്ടായി എബി ഡി വില്ലിയേഴ്സ് എത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഡി വില്ലിയേഴ്സ് പുറത്താകുമ്പോള്‍ രംഗ്പൂര്‍ 121 റണ്‍സായിരുന്നു നേടിയത്. മൂന്നാം വിക്കറ്റായി ക്രിസ് ഗെയില്‍ മടങ്ങിയപ്പോള്‍ ലക്ഷ്യം 11 റണ്‍സ് മാത്രം അകലെയായിരുന്നു. മുഹമ്മദ് മിഥുനെ(15) കൂടി നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കാന്‍ രംഗ്പൂരിനു സാധിച്ചു. ഫര്‍ഹദ് റീസയാണ് കളിയിലെ താരം.

ഫിനിഷര്‍ ഫ്രൈലിങ്ക്, അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചിറ്റഗോംഗ് വൈക്കിംഗ്സ്

അവസാന ഓവറില്‍ കളി കൈവിട്ട് ധാക്ക ഡൈനാമൈറ്റ്സ്. ജയിക്കുവാന്‍ 16 റണ്‍സ് ആറ് പന്തില്‍ നിന്ന് നേടേണ്ടിയിരുന്ന ചിറ്റഗോംഗ് വൈക്കിംഗ്സിനെ മൂന്ന് സിക്സുകളടക്കം അടിച്ച് ഒരു പന്ത് അവശേഷിക്കെയാണ് ഫ്രൈലിങ്ക് വിജയത്തിലേക്ക് നയിച്ചത്. 10 പന്തില്‍ റോബി ഫ്രൈലിങ്ക് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കാമറൂണ്‍ ഡെല്‍പോര്‍ട്ട്(12 പന്തില്‍ 30), മുഷ്ഫിക്കുര്‍ റഹിം(22), മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്ത്(33) എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് നേടി ചിറ്റഗോംഗിനു തടസ്സം സൃഷ്ടിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫ്രൈലിങ്ക് ഒറ്റയ്ക്ക് കളി മാറ്റുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. 34 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ആണ് ടോപ് സ്കോറര്‍. ശുവാഗത ഹോം 29 റണ്‍സും നൂരുള്‍ ഹസന്‍ 29 റണ്‍സും നേടിയപ്പോള്‍ സുനില്‍ നരൈന്‍ 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. കാമറൂണ്‍ ഡെല്‍പോര്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റോബി ഫ്രൈലിങ്ക്, അബു ജയേദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ചിറ്റഗോംഗിനായി നേടി.

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനു 18.2 ഓവറില്‍ 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

62 പന്തില്‍ 9 ബൗണ്ടറിയും 6 സിക്സും അടക്കം 104 റണ്‍സാണ് ഇവാന്‍സ് നേടിയത്. റയാന്‍ ടെന്‍ ഡോഷാട്ടേ 59 റണ്‍സ് നേടി. ഇരുവരും പുറത്താകാതെ നിന്നാണ് ടീമിന്റെ മികച്ച സ്കോറിലേക്ക് നയിച്ചത്. വിക്ടോറിയന്‍സിനു വേണ്ടി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനെ കമ്രുള്‍ ഇസ്ലാം നാല് വിക്കറ്റ് വീഴ്ത്തി തടയിടുകയായിരുന്നു. കൈസ് അഹമ്മദ്, റയാന്‍ ടെന്‍ ഡോഷാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 26 റണ്‍സ് നേടിയ അനാമുള്‍ ഹക്ക് വിക്ടോറിയന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 25 റണ്‍സ് നേടി.

വാര്‍ണര്‍ക്കും ശസ്ത്രക്രിയ

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ കൈമുട്ടിനു പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ബംഗ്ലാദേശില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന വാര്‍ണറുടെ ശസ്ത്രക്രിയ നാളെയാവും നടക്കുക. ഒരാഴ്ച സ്ലിംഗ് ധരിച്ച ശേഷം മൂന്നാഴ്ച ശേഷം മാത്രമേ താരത്തിനു പൂര്‍ണ്ണമായും ട്രെയിനിംഗ് പുനരാരംഭിക്കാനാവൂ. നേരത്തെ സ്റ്റീവന്‍ സ്മിത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.

മാര്‍ച്ച് 28നു തങ്ങളുടെ വിലക്കുകള്‍ അവസാനിച്ച് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്താനിരിക്കെയാണ് താരങ്ങളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ശസ്ത്രക്രിയകള്‍ വേണ്ടി വന്നിരിക്കുന്നത്.

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഖുല്‍നയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 188 റണ്‍സ് മാത്രമേ നേടാനായുള്ളു. മുഷ്ഫിക്കുര്‍ റഹിം, യസീര്‍ അലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ദസുന്‍ ഷനക(42*), മുഹമ്മദ് ഷെഹ്സാദ്(33) എന്നിവരും വൈക്കിംഗ്സിനു വേണ്ടി തിളങ്ങി.

മുഷ്ഫിക്കുര്‍ 52 റണ്‍സും യസീര്‍ അലി 54 റണ്‍സും നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് 4 സിക്സ് അടക്കം 42 റണ്‍സ് നേടിയ ഷനകയുടെ പ്രകടനമാണ് വൈക്കിംഗ്സിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഖുലന്‍നയ്ക്കായി ഡേവിഡ് വീസെ 2 വിക്കറ്റ് നേടി.

മഹമ്മദുള്ള 26 പന്തില്‍ നിന്ന് 50 റണ്‍സും ഡേവിഡ് വീസെ 20 പന്തില്‍ നിന്ന് 40 റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിനു 26 റണ്‍സ് അകലെ വരെ എത്തുവാനെ ഖുല്‍ന ടൈറ്റന്‍സിനു സാധിച്ചുള്ളു. ബ്രണ്ടന്‍ ടെയിലര്‍ 28 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിനു തിരിച്ചടിയായത്. അബു ജയേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദ്, കാമറൂണ്‍ ഡെല്‍പോര്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.

ഫോമിലേക്കുയര്‍ന്ന് തമീം ഇക്ബാല്‍, വിജയം കുറിച്ച് കോമില്ല വിക്ടോറിയന്‍സ്

ജൂനൈദ് സിദ്ദിക്കിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി തമീം ഇക്ബാല്‍ തിളങ്ങിയപ്പോള്‍ ഖുല്‍ന ടൈറ്റന്‍സിനെതിരെ വിജയം കരസ്ഥമാക്കി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 181/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി വിക്ടോറിയന്‍സ് വിജയം ഉറപ്പാക്കുകയായിരുന്നു.

സിദ്ദിക്ക്(70), അല്‍-അമീന്‍(32) ദാവീദ് മലന്‍(29) എന്നിവരാണ് ഖുല്‍ന നിരയില്‍ തിളങ്ങിയത്. വിക്ടോറിയന്‍സിനു വേണ്ടി അഫ്രീദി 3 വിക്കറ്റും വഹാബ് റിയാസ് രണ്ടും വിക്കറ്റ് നേടി.

42 പന്തില്‍ 73 റണ്‍സ് നേടിയ തമീം ഇക്ബാലിനും 40 റണ്‍സ് നേടിയ അനാമുള്‍ ഹക്കിനും ശേഷം ഇമ്രുല്‍ കൈസ് 28 റണ്‍സ് നേടിയെങ്കിലും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വീണത് വിക്ടോറിയന്‍സ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍ തിസാര പെരേര 18 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

Exit mobile version