ബംഗ്ലാദേശിനു ജയം 390 റണ്‍സ് അകലെ

- Advertisement -

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ നാലാം ദിവസവും ശ്രീലങ്കന്‍ ആധിപത്യം. നാലാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്ക 274/6 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ശ്രീലങ്കയുടെ ലീഡ് 456. 457 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 67 റണ്‍സ് നേടിയിട്ടുണ്ട്. 53 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ ആയാസത്തോടെ ബാറ്റ് വീശിയപ്പോള്‍ തമീം ഇക്ബാല്‍ കരുതലോടെയാണ് ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. അവസാന ദിവസം 10 വിക്കറ്റുകള്‍ കൈയ്യില്‍ നില്‍ക്കെ 390 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യമാണ് ആതിഥേയരെ കാത്ത് നില്‍ക്കുന്നത്.

നാലാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനറങ്ങിയ ശ്രീലങ്കയ്ക്ക് അതിവേഗം ബാറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. 69 ഓവറുകളിലാണ് അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയത്(ശരാശരി 4 റണ്‍സിനടുത്ത്). 115 റണ്‍സ് നേടിയ ഉപുല്‍ തരംഗയ്ക്ക് പുറമേ ദിമുത് കരുണാരത്നേ(32), ദില്‍രുവന്‍ പെരേര(33) എന്നിവരും 50 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചന്ദിമലും മികവ് പുലര്‍ത്തി. ദില്‍രുവന്‍ പെരേര പുറത്തായതോടു കൂടി ശ്രീലങ്കന്‍ നായകന്‍ രംഗന ഹെരാത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിനു വേണ്ടി ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement