ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോര്‍, ബംഗ്ലാദേശിനു 20 റണ്‍സ് പരാജയം

- Advertisement -

എബി ഡിവില്ലിയേഴ്സിന്റെയും ക്വിന്റണ്‍ ഡിക്കോക്കിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ ബലത്തില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 195 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 20 റണ്‍സ് തോല്‍വി. പര്യടനത്തിലെ ആദ്യ ടി20 മത്സരത്തില്‍ ഇന്നലെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച ആതിഥേയര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിനു 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സേ നേടാനായുള്ളു. ഡിവില്ലിയേഴ്സ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ദ്ധ ശതകവും എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ 49 റണ്‍സുമായണ് മത്സരത്തിലെ സവിശേഷത എന്ന് പറയാവുന്നത്. ഒപ്പം അതിവേഗം സ്കോര്‍ ചെയ്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടെയും ഫര്‍ഹാന്‍ ബെഹര്‍ദ്ദീനിന്റെയും തകര്‍പ്പനടികള്‍. ഡിക്കോക്ക് 59 റണ്‍സ് നേടി പുറത്തായപ്പോള്‍ 27 പന്തില്‍ നിന്നാണ് എബിഡി 49 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ മില്ലര്‍-ഫര്‍ഹാന്‍ അപരാജിത കൂട്ടുകെട്ട് 62 റണ്‍സാണ് 5 ഓവറില്‍ അടിച്ചു കൂട്ടിയത്. ബെഹര്‍ദ്ദീന്‍ 17 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 25 റണ്‍സ് നേടി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ 2 വിക്കറ്റ് നേടി.

ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. സൗമ്യ സര്‍ക്കാര്‍ 47 റണ്‍സ് നേടിയെങ്കിലും മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങളില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. കുറവ് പന്തില്‍ കൂടുതല്‍ സ്കോര്‍ നേടിയ മറ്റു താരങ്ങള്‍ എന്നാല്‍ അധികം നേരം ക്രീസില്‍ ചെലവഴിക്കാതെ മടങ്ങുകയായിരുന്നു.സൗമ്യ സര്‍ക്കാര്‍ പുറത്തായ ശേഷം റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ബംഗ്ലാദേശിനു മുഹമ്മദ് സൈഫുദ്ദീന്‍ പുറത്താകാതെ നേടിയ 39 റണ്‍സ് ആണ് ഏറെ ആശ്വാസകരമായത്. എന്നാല്‍ 20 ഓവറില്‍ 175 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. മികച്ച സ്ട്രൈക്ക് റേറ്റില്‍ ഒട്ടനവധി താരങ്ങള്‍ സ്കോര്‍ കണ്ടെത്തിയെങ്കിലും ആരും അധിക സമയം ക്രീസില്‍ ചെലവഴിച്ചില്ല എന്നതാണ് ചേസിംഗില്‍ സന്ദര്‍ശകര്‍ക്ക് വിനയായത്.

രണ്ട് വിക്കറ്റ് വീതം നേടി ആന്‍ഡിലെ ഫെഹ്ലുക്വായോ, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡേന്‍ പാറ്റേര്‍സണ്‍, റോബര്‍ട് ഫ്രൈലിങ്ക് എന്നിവരോടൊപ്പം ആരോണ്‍ ഫാംഗിസോയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement