ഫോളോ ഓണ്‍ മറികടന്ന് റഹിം, ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് മഴ തടസ്സപ്പെടുത്തി

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 182 റണ്‍സ് ലീഡ് വഴങ്ങി ബംഗ്ലാദേശ്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 494 പിന്തുടര്‍ന്ന ബംഗ്ലാദേശ് 312 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മുഷ്ഫികുര്‍ റഹിം, മെഹ്ദി ഹസന്‍ എന്നിവരുടെ ചെറുത്ത് നില്പിനും ലീഡ് വഴങ്ങുന്നതില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിയ്ക്കാനായില്ല. ശ്രീലങ്കയ്ക്ക് വേണ്ടി നായകന്‍ രംഗന ഹെരാത്, ദില്‍രുവന്‍ പെരേര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

133/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച സൗമ്യ സര്‍ക്കാര്‍, മുഷ്ഫികുര്‍ കൂട്ടുകെട്ട് അധിക നേരം നിലയുറപ്പിക്കാനായില്ല. 9 റണ്‍സ് കൂടി സ്കോറിനോട് ചേര്‍ക്കുന്നതിനിടയില്‍ സൗമ്യ സര്‍ക്കാരിനെ(71) ലക്മല്‍ പുറത്താക്കി. സൗമ്യ പുറത്തായെങ്കിലും മുഷ്ഫികുര്‍ തന്റെ ചെറുത്ത് നില്പ് തുടര്‍ന്നു. ഷാകിബ് അല്‍ ഹസനും(23) മധ്യനിരയും വേഗത്തില്‍ മടങ്ങിയപ്പോള്‍ മുഷ്ഫികുറിനു കൂട്ടായത് മെഹ്ദി ഹസനാണ്. 106 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്.

41 റണ്‍സ് നേടിയ മെഹ്ദി ഹസനെ ദില്‍രുവന്‍ പുറത്തായപ്പോള്‍ സ്കോര്‍ 298/8. പത്ത് റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ മുഷ്ഫിക്കുറും(85) മടങ്ങിയതോടെ കൂടി ബംഗ്ലാദേശ് ചെറുത്ത്നില്പ് 312 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നതിനു മുമ്പ് മഴ എത്തിയതിനാല്‍ മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി ഹെരാത്ത്, ദില്‍രുവന്‍ എന്നിവര്‍ക്ക് പുറമേ സുരംഗ ലക്മല്‍, ലഹിരു കുമര, ലക്ഷന്‍ സണ്ഡകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement