
വീണ്ടും തോല്‍വി വഴങ്ങി ലങ്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ലങ്കന്‍ ബാറ്റ്സ്മാന്മാര് പുറത്തെടുത്ത്. 43.4 ഓവറില്‍ 173 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. തുടര്‍ച്ചയായ 11ാം തോല്‍വിയാണ് ഇന്ന് ലങ്ക ഏറ്റുവാങ്ങിയത്. 174 റണ്‍സ് ലക്ഷ്യം പാക്കിസ്ഥാന് 39ാം ഓവറില്‍ മറികടന്നു. ബാബര്‍ അസം, ഷൊയ്ബ് മാലിക് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനു ഏഴ് വിക്കറ്റ് ജയം നേടിക്കൊടുത്തത്. ബാബര്‍ അസം ആണ് മാന്‍ ഓഫ് ദി മാച്ച്.
വാലറ്റത്തോടൊപ്പം ലഹിരു തിരിമന്നേ നടത്തിയ ചെറുത്ത് നില്പാണ് ലങ്കയെ 173 എന്ന സ്കോറിലേക്ക് എത്തിച്ചത്. ലഹിരു തിരിമന്നേ 62 റണ്‍സ് നേടിയപ്പോള്‍ അകില ധനന്‍ജയ(18), സുരംഗ ലക്മല്‍(23*) എന്നിവര്‍ തിരിമന്നേയ്ക്ക് പിന്തുണ നല്കി. ഹസന് അലി മൂന്നും ഷദബ് ഖാന്, ഇമാദ് വസീം എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഉപുല്‍ തരംഗയെ പുറത്താക്കി ഉസ്മാന് ഖാന് തന്റെ കന്നി വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു കഴിഞ്ഞ മത്സരത്തിലെ ഹീറോയെ വേഗം നഷ്ടമായി. ഇമാം-ഉള്-ഹക്കിനു(2) പുറമേ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായപ്പോള്‍ പാക്കിസ്ഥാന് 58/3 എന്ന നിലയിലായെങ്കിലും ഷൊയ്ബ് മാലിക്കും ബാബര്‍ അസവും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. 69 റണ്‍സ് നേടി ഇരുവരും പുറത്താകാതെ നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial