ബാബർ അസം: പാകിസ്താന്റെ കോഹ്ലി

- Advertisement -

ഏകദിനത്തിൽ 57 ആവറേജ്, സ്ട്രൈക്ക് റേറ്റ് 87. T20Iയിൽ അതൊക്കെ ക്രമേണ 54,126. 33 ഏകദിനങ്ങളും 11 അന്താരാഷ്ട്ര T20 മത്സരങ്ങളും എന്നത് വലിയ ഒരു സാമ്പിൾ സ്പേസ് അല്ലെന്നത് ആദ്യമേ തന്നെ വ്യക്തമാക്കുന്നു. പക്ഷെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ വേണ്ടുവോളവും അതിലധികവും നമ്മൾ കണ്ട ഒരു കളിക്കാരനാണ് ബാബർ അസം. കഴിഞ്ഞ ദിവസം കൂടെ ഒരു സെഞ്ച്വറി അടിച്ചിരുന്നു. 100/6 എന്ന നിലയിൽ നിന്നും 200 കടത്തിയത് അസം ആയിരുന്നു, അതും ഒരു വാലറ്റക്കാരനായ ശദാബ് ഖാനെ കൂട്ടുപിടിച്ചുകൊണ്ട്.

കമ്രാൻ അക്മൽ, ഉമർ അക്മൽ പിന്നെ ഒരു പരിധി വരെ അദ്നാൻ അക്മലും. പാകിസ്ഥാൻ ക്രിക്കറ്റിനെ കഴിഞ്ഞ കൊല്ലങ്ങളിൽ പിന്തുടർന്നവർക്ക് ആർക്കും മറക്കുവാൻ കഴിയാത്ത ചില പേരുകളാണ് ഇവരുടേത്. ഇതിൽ ഉമർ അക്മൽ കളിയിലെ സാങ്കേതിക തികവ് കൊണ്ട് ലോകത്തിലെ തന്നെ മികച്ച ബാറ്സ്മാന്മാരിൽ ഒരാൾ ആണ്. പക്ഷെ തന്റെ കഴിവിനെ പൂർണമായി മുതലെടുക്കാൻ കഴിയാതെ പോയി. പക്ഷെ ഇതൊക്കെ അസമിനെ കുറിച്ചുള്ള ഇതിൽ പറഞ്ഞുവന്നതിന്റെ കാരണം ഇവരൊക്കെ അസമിന്റെ കസിൻസ് ആണെന്നുള്ളത് കൊണ്ട് മാത്രമാണ്. കഴിവിന്റെ കാര്യത്തിൽ ഉമറിന്റെ അത്രയും മികവ് അസമിന്‌ ഉണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷെ തൻ്റെ വിക്കറ്റിന് വിലകല്പിക്കുന്ന ഒരു ബാറ്റ്സ്മാനാണു അസം. ഇച്ഛാശക്തിയുടെ കാര്യത്തിൽ ഉമറിനെക്കാളും, കമ്രാനെക്കാളും കാതങ്ങൾ മുന്നിൽ.

ഈയടുത്ത് അധികം പാകിസ്ഥാൻ കളിക്കാർക്കൊന്നും ലഭിക്കാത്ത ഒരു ഭാഗ്യം അരങ്ങേറ്റത്തിൽ തന്നെ അസമിന്‌ ലഭിച്ചു. പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരം കളിക്കുക എന്ന ഭാഗ്യമായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചു വന്നത് 2015ലാണ്. സിംബാബ്വേയുമായിട്ടുള്ള മത്സരത്തിൽ ലാഹോറിൽ വെച്ച് അരങ്ങേറിയ അസം ആദ്യ മത്സരത്തിൽ തന്നെ അർധശതകം നേടി. നാലാമതിറങ്ങിയ അസം 60 പന്തുകളിൽ 54 റൺ നേടി.

15 ഇന്നിംഗ്സ് കളിക്കേണ്ടിവന്നു അസമിന്‌ ആദ്യത്തെ ഏകദിന സെഞ്ച്വറി നേടാൻ. പക്ഷെ ആ കുറവ് നികത്തിയതാകട്ടെ ആധികാരികമായും. തുടർന്നുള്ള രണ്ടു കളികളും സെഞ്ച്വറി. ഇതുവരെ മൊത്തം 7 സെഞ്ചുറികൾ ആ ബാറ്റിൽ നിന്നും പിറന്നു. മറ്റൊരു പ്രധാന വസ്തുത ഒറ്റയൊരു പ്രാവശ്യം പോലും അദ്ദേഹം ഏകദിനത്തിലും T20Iയിലും പൂജ്യത്തിനു പുറത്തായിട്ടില്ല എന്നതാണ്. T20Iയിലാകട്ടെ ഒറ്റ തവണ പോലും പത്ത് റണ്ണിന് താഴെ പുറത്തായിട്ടില്ല. ഇത്തിരി പതിയെ കളിക്കുന്നു എന്നൊരു പരാതി നിലവിലുണ്ടെങ്കിലും പാകിസ്താനിലെ മറ്റ് ബാറ്റ്സ്മാൻമാരെ വെച്ച് നോക്കുമ്പോൾ വളരെ ഭേദമാണ്. അതുകൊണ്ടൊക്കെ തന്നെ അസമിന്റെ ടീമിലെ സ്ഥാനം ഏകദേശം സ്ഥിരമായി എന്ന് വേണം വിശ്വസിക്കാൻ. ആദ്യത്തെ കളി നാലാമൻ ആയിട്ടാണ് ഇറങ്ങിയതെങ്കിലും പതിയെ ടീമിന്റെ മൂന്നാമനായിട്ട് സ്ഥാനക്കയറ്റം കിട്ടി. അതും ഇന്നേവരെ നല്ലരീതിയിൽ ചെയ്ത് വരുന്നു.

പാകിസ്ഥാൻ ഇപ്പോൾ ഒരു മാറ്റത്തിന്റെ പാതയിൽ ആണ്, യൂനിസ് ഖാനും, മിസ്ബാഹ് ഉൾ ഹക്കും വിരമിച്ചു. ഒരു ടീം നല്ലരീതിയിൽ കെട്ടിപ്പടുക്കേണ്ട ആവശ്യകത വളരെയധികം ഉള്ള സമയമാണ്. കുറച്ച് നാളുകൾ കൂടിയേ ഇനി ഷൊഹൈബ് മാലിക്കും, മുഹമ്മദ് ഹഫീസും കാണുകയുള്ളു. സർഫറാസ് അഹ്മെദ് മികച്ച ഒരു ക്യാപ്റ്റൻ ആണ്. ആ ക്യാപ്റ്റന് നല്ല പിന്തുണ കൊടുക്കുക എന്നത് മാത്രമായിരിക്കും അസമിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം. ആ ബാറ്റ് കൊണ്ട് നല്ല ഒരുപിടി ഇന്നിങ്‌സുകൾ കാണാൻ കഴിയുമെന്ന് കരുതുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement