8 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ

ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് ലക്ഷ്യം 15.3 ഓവറില്‍ മറികടന്ന് 8 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ ഉടനടി നഷ്ടമായെങ്കിലും മോസസ് ഹെന്‍റികസ്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ടീമിനെ കൂടുതല്‍ നഷ്ടമില്ലാതെ ജയത്തിലേക്ക് നയിച്ചു. ഹെന്‍റികെസ് 62 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ട്രാവിസ് ഹെഡ് 48 റണ്‍സ് നേടി. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് ആണ് കളിയിലെ താരം.

ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്. തന്റെ 3 ഓവറില്‍ ഭുവനേശ്വര്‍ 9 റണ്‍സ് മാത്രം വിട്ടു നല്‍കിയപ്പോള്‍ മറ്റു ഇന്ത്ന്‍ ബൗളര്‍മാര്‍ക്ക് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു.

46 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 4 സിക്സും സഹിതം 62 റണ്‍സാണ് മോസസ് ഹെന്‍റികസ് നേടിയത്. ട്രാവിസ് ഹെഡ് ആകട്ടെ 34 പന്തില്‍ നിന്നാണ് 5 ബൗണ്ടറിയും 1 സിക്സും സഹിതം 48 റണ്‍സ് എടുത്തത്. വിജയത്തോടെ പരമ്പരയില്‍ ഓസീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial