ബ്രിസ്ബെയിനില്‍ സ്മിത്തിനു സെഞ്ച്വറി, ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ബ്രിസ്ബെയിനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ (ഡേ നൈറ്റ്) ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. മാറ്റ് റെന്‍ഷാ, ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവരുടെ മികച്ച ഇന്നിംഗ്സിന്റെ ബലത്തില്‍ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി.

ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷായും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പുറത്തെടുത്തത്. സ്കോര്‍ 70ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ(32) മുഹമ്മദ് അമീര്‍ പുറത്താക്കുകയായിരുന്നു. ഉസ്മാന്‍ ഖ്വാജയെ(4) മിസ്ബായുടെ കൈകളിലെത്തിച്ച് യാസിര്‍ ഷാ ഓസ്ട്രേലിയയ്ക്ക് രണ്ടാം പ്രഹരം നല്‍കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്റ്റീവന്‍ സ്മിത്ത് റെന്‍ഷായോടൊപ്പം ചേര്‍ന്നപ്പോള്‍ ഓസ്ട്രേലിയ ബ്രിസ്ബെയന്‍ ടെസ്റ്റില്‍ ശക്തമായ നിലയിലേക്ക് നീങ്ങുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ 76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പ്രതിരോധത്തിലൂന്നിയുള്ള പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബയുടെ തന്ത്രങ്ങളാണ് ഓസ്ട്രേലിയന്‍ സ്കോറിംഗിന്റെ വേഗത കുറച്ചത്. 71 റണ്‍സെടുത്ത റെന്‍ഷായെ വഹാബ് റിയാസ് പുറത്താക്കിയെങ്കിലും നാലാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന ഹാന്‍ഡ്സ്കോമ്പ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദിവസം അവസാനിപ്പിക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചു. മത്സരത്തില്‍ രണ്ട് തവണയാണ് ഭാഗ്യം സ്മിത്തിനെ തുണച്ചത്. വ്യക്തിഗത സ്കോര്‍ 53ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് ക്യാച്ച് ഡ്രോപ് ചെയ്തപ്പോള്‍ 97ല്‍ വെച്ച് ക്യാച്ച് എടുത്തുവെങ്കിലും പാക്കിസ്ഥാന്‍ ടീം അപ്പീല്‍ ചെയ്താതിരിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ ശതകം തികച്ച സ്മിത്ത് ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ 110 റണ്‍സ് നേടിയിരുന്നു. 64 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ്കോമ്പാണ് ക്യാപ്റ്റനു കൂട്ടായി ക്രീസില്‍.

പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ യസീര്‍ഷാ, മുഹമ്മദ് അമീര്‍, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement