Auspak

ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് നഷ്ടം, 187 റൺസ്

മെൽബേൺ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 187/3 എന്ന നിലയിൽ. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ഓസ്ട്രേലിയയ്ക്ക് 90 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിക്കൊടുത്തത്.

38 റൺസ് നേടിയ വാര്‍ണറെ ലഞ്ചിനോടടുത്ത് ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ലഞ്ചിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ 42 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ടീമിന് നഷ്ടമായി. പിന്നീട് സ്റ്റീവ് സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 46 റൺസ് കൂട്ടിചേര്‍ത്ത് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 26 റൺസ് നേടിയ സ്മിത്തിന്റെ വിക്കറ്റ് പാക്കിസ്ഥാന്‍ നേടി.

9 റൺസ് നേടിയ ട്രാവിസ് ഹെഡിന് കൂട്ടായി 44 റൺസ് നേടിയ ലാബൂഷാനെയാണ് ക്രീസിലുള്ളത്. മഴ കാരണം 66 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

Exit mobile version