ടെസ്റ്റ് റാങ്കിങ്; അശ്വിൻ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു

പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തിറങ്ങിയപ്പോൾ ടീം ഇന്ത്യ ടീമുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ ഓഫ് സ്പിന്നർ അശ്വിൻ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് മൂന്നാം സ്ഥാനത്ത് ആയിരുന്ന അശ്വിൻ, 13/140 എന്ന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കരിയർ ബെസ്റ്റ് ആയ 900 പോയിന്റുകളോടെ ആണ് അശ്വിൻ ഒന്നാം സ്ഥാനത്ത് എത്തിയത്. 878 പോയിന്റുമായി സൗത്ത് ആഫ്രിക്കയുടെ ഡെയ്ൽ സ്റ്റൈനാണ് പട്ടികയിൽ രണ്ടാമത്. ഓൾ റൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ തന്നെയാണ് ഒന്നാമത്. രവീന്ദർ ജഡേജ ബൗളർമാരുടെ പട്ടികയിൽ ഏഴാമതാണ്.

സ്റ്റിവ് സ്മിത്ത് ഒന്നാമതുള്ള ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അജിൻക്യ രഹാനെ ആറാമതെത്തി. നേരത്തെ മൂന്നാം ടെസ്റ്റിൽ രഹാനെ സെഞ്ച്വറി നേടിയിരുന്നു. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് പതിനൊന്നാം സ്ഥാനത്ത് ആയിരുന്നു രഹാനെ. ചേതേശ്വർ പൂജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാം ടെസ്റ്റിൽ നേടിയ ഇരട്ട ശതകത്തിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്‌ലി നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തെത്തി.

115 പോയിന്റുമായി ഇന്ത്യ ടീമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 111 പോയിന്റുമായി പാകിസ്ഥാൻ ആണ് രണ്ടാമത്.